നമ്മുടെ ടീം കളറായി വഡോദരയുടെ വാനിൽ!

അന്താരാഷ്ട്ര പട്ടം പറത്തൽ ഫെസ്റ്റിവലിൽ കേരളത്തെ പ്രതിനിധീകരിച്ച വൺ ഇന്ത്യ കൈറ്റ് ടീമിന്റെ അശോകചക്ര, ശ്രീ ഗണേഷ് എന്നീ പട്ടങ്ങൾ

സ്വന്തം ലേഖകൻ
Published on Jan 19, 2025, 01:43 AM | 1 min read
തിരൂർ
പട്ടം പറത്തിയിട്ടുണ്ടോ? അതിന്റെ ഓർമകൾ ഗൃഹാതുരമായി മനസ്സിലുണ്ടോ. എന്നാൽ പട്ടവുമായി അതിനപ്പുറം പോയൊരാളുണ്ട് തിരൂരിൽ- –- ഷാഹിർ മണ്ണിങ്ങൽ. ഗുജറാത്തിൽ നടന്ന അന്താരാഷ്ട്ര പട്ടം പറത്തൽ ഫെസ്റ്റിവലിൽ കേരളത്തെ പ്രതിനിധീകരിച്ച വൺ ഇന്ത്യ കൈറ്റ് ടീമിലെ അംഗമായിരുന്നു ഷാഹിർ. ഫെസ്റ്റിവലിന്റെ ഭാഗമായി വഡോദരയിൽ നടന്ന പട്ടം പറത്തലിൽ ടീം അവതരിപ്പിച്ച നൂതന പട്ടങ്ങളായ അശോകചക്ര, ശ്രീഗണേഷ് എന്നിവ ഏറെ ചർച്ചയായി.
ഗുജറാത്ത് നിയമസഭാ ചീഫ് വിപ്പ് ബാലകൃഷ്ണ ഖണ്ഡേറാവു ശുക്ല ടീമിനെ പ്രത്യേക അഭിനന്ദിക്കുകയുംചെയ്‌തു. പുതുരീതിയിലുള്ള പട്ടം നിർമാണവുമായി ബന്ധപ്പെട്ട് യോജിച്ചുപ്രവർത്തിക്കാൻ ഗുജറാത്ത് സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
ശ്രീ ഗണേഷ്, അശോകചക്ര പട്ടങ്ങൾ കൈയിലെടുത്ത് ഫോട്ടോ എടുക്കാനും പട്ടം പറത്താനും ഫെസ്റ്റിവലിനെത്തിയവർ തിരക്കുകൂട്ടി. കൊളംബിയയിൽനിന്ന് ഇറക്കുമതി ചെയ്ത ചിങ്കലെ എന്ന മരത്തടികൊണ്ടാണ് പട്ടം നിർമിച്ചത്. ഇന്ത്യയിൽ പട്ട നിർമാണത്തിന് ഉപയോഗിക്കുന്ന മുളകളേക്കാൾ ഭാരക്കുറവും ഉറപ്പുമുള്ളതാണ് ഈ മരം. കുറഞ്ഞ കാറ്റിൽപോലും പട്ടത്തെ വാനിൽ ഉയർത്തിനിർത്താനാവും എന്നതാണ് പ്രത്യേകതയെന്നും ഷാഹിർ മണ്ണിങ്ങൽ പറഞ്ഞു.
0 comments