താനൂർ ബോട്ടപകടം
ബോട്ട് നിർമിച്ചത് അശാസ്‌ത്രീയമായെന്ന് സാങ്കേതിക വിദഗ്ധർ

തിരൂർ
തൂവൽതീരത്തെ അപകടത്തിനിടയാക്കിയ ബോട്ട് നിർമിച്ചത് അശാസ്‌ത്രീയവും അപകടത്തിന് ഇടയാക്കുന്ന രീതിയിലുമാണെന്ന് സാങ്കേതിക വിദഗ്ധരുടെ മൊഴി. ബോട്ടപകടം അന്വേഷിക്കുന്ന ജ. വി കെ മോഹനൻ കമീഷനുമുന്നിലാണ് കൊച്ചി കുസാറ്റ് യൂണിവേഴ്സിറ്റി ഷിപ്പ് ടെക്നോളജി വിഭാഗത്തിലെ അസി. പ്രൊഫസർ കെ ആർ അരവിന്ദ് രേഖകൾസഹിതം മൊഴിനൽകിയത്.
ബോട്ടിന്റെ നിർമാണം അശാസ്‌ത്രീയവും അപകടകരവുമായ തരത്തിലായിരുന്നു. അടിഭാഗത്തെ വീതിക്ക് ആനുപാതികമായല്ല മേൽത്തട്ട് നിർമിച്ചത്. വീതിക്കനുസരിച്ച് ഉയരമില്ലാതെ രണ്ടാംനില നിർമിച്ചതും യാത്രക്കാർ മേൽത്തട്ടിൽ കയറിയതും അപകടസാധ്യത വർധിച്ചതായും കെ ആർ അരവിന്ദ് മൊഴിനൽകി.
അപകടശേഷം ബോട്ടിന്റെ സയന്റിഫിക് പരിശോധന നടത്തിയ മലപ്പുറം സയന്റിഫിക് ഓഫീസർ ശ്രീക്കുട്ടി റിപ്പോർട്ട് കമീഷന് സമർപ്പിച്ചു. ഫോറൻസിക് മെഡിക്കൽ പരിശോധന നടത്തിയ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ. പ്രഭുദാസിനെയും സാക്ഷിവിസ്താരം നടത്തി. തിരൂർ പൊതുമരാമത്ത് വിശ്രമ മന്ദിരത്തിലാണ് സാക്ഷിവിസ്‌താരം പുരോഗമിക്കുന്നത്. ജ. വി കെ മോഹനനുപുറമേ കമീഷൻ അംഗങ്ങളായ സുരേഷ്‌കുമാർ, ഡോ. കെ പി നാരായണൻ എന്നിവരും വിസ്‌താരത്തിൽ പങ്കെടുക്കുന്നുണ്ട്. ഏഴ് സാക്ഷികൾ ഇതുവരെ മൊഴിനൽകി. വ്യാഴാഴ്ച 31മുതൽ 50വരെ സാക്ഷികളെ വിസ്തരിക്കും. 2023 മെയ് ഏഴിനാണ് താനൂർ തൂവൽതീരത്ത് അറ്റ്‌ലാന്റിക് ബോട്ട് മറിഞ്ഞത്. അപകടത്തിൽ കുട്ടികളടക്കം 22 പേരാണ് മരിച്ചത്.
Related News

0 comments