Deshabhimani

രണ്ടാംഘട്ട ശൈലി സര്‍വേ

ജില്ലയില്‍ 29,249 പേര്‍ക്ക് അര്‍ബുദ സാധ്യതയെന്ന്‌ പഠനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jan 23, 2025, 01:48 AM | 1 min read

മലപ്പുറം

ആരോഗ്യവകുപ്പ് നേതൃത്വത്തിൽ ഇ ഹെൽത്ത് കേരളയുടെ കീഴിൽ നടത്തിയ രണ്ടാംഘട്ട "ശൈലി' സർവേയിൽ ജില്ലയിൽ 29,249 പേർക്ക് അര്‍ബുദ സാധ്യതയെന്ന് കണ്ടെത്തൽ. ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾ കയറി നടത്തിയ സർവേയിലാണ് വിവിധ അര്‍ബുദ സാധ്യതയുള്ളവരെ കണ്ടെത്തിയത്. വായ്ക്കുള്ളിൽ അര്‍ബുദ സാധ്യതയുള്ള 6156 പേരുണ്ട്. സ്തനാര്‍ബുദ സാധ്യതയുള്ള 14,714 സ്ത്രീകളെയും ​ഗര്‍ഭാശയമുഖ അര്‍ബുദ സാധ്യതയുള്ള 8376 സ്ത്രീകളെയും കണ്ടെത്തി.

2024 ജൂലൈയിലാണ് സർവേ ആരംഭിച്ചത്. ജില്ലയിൽ 30 വയസിനുമുകളിലുള്ള 9,82,894 പേരിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ഇതിന്റെ 2.98 ശതമാനമാണ് അര്‍ബുദ സാധ്യതയുള്ളവർ. സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് രോഗസാധ്യതയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും. തുടർന്ന് രോഗമുണ്ടോയെന്ന് സ്ഥിരീകരിക്കും. പരിശോധനാ വിവരങ്ങൾ ഇ ​ഹെൽത്ത് പോർട്ടലിൽ സമർപ്പിക്കും. ജില്ലയിൽ ഈ പ്രവൃത്തി പുരോ​ഗമിക്കുകയാണ്.

അര്‍ബുദത്തിനുപുറമെ അമിത രക്തസമ്മർദം, പ്രമേഹം, ക്ഷയം, ത്വക്കുരോ​ഗം, കാഴ്ചക്കുറവ്, കേൾവിക്കുറവ്, മാനസികാരോ​ഗ്യം എന്നിവയ്ക്കുള്ള സാധ്യതയും കണ്ടെത്തുന്നുണ്ട്. സർവേയ്ക്ക് വിധേയമായവരിൽ 2,43,694 പേർ (24.79 ശതമാനം) 60 വയസിനുമുകളിലുള്ളവരാണ്.

35,968 പേർക്കാണ് (3.66 ശതമാനം) ക്ഷയരോ​ഗ സാധ്യത. 43,904 പേർ (4.47 ശതമാനം) ത്വക്‌രോ​ഗ സാധ്യതയുള്ളവരാണ്. 3,72,988 പേരോട് (37.95 ശതമാനം) കാഴ്ചപരിശോധനയ്ക്കും 43,677 പേരോട് (4.44 ശതമാനം) കേൾവിപരിശോധനയ്ക്കും വിധേയമാകാൻ നിർദേശിച്ചു.

ആശാ പ്രവർത്തകർ വീടുകളിലെത്തി മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിച്ചാണ് സർവേ നടത്തുന്നത്. പുകവലിശീലം, മദ്യപാനശീലം, കായികാധ്വാനശീലം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. വിവിധ രോഗലക്ഷണങ്ങളും ശേഖരിക്കും. ശ്വാസകോശ സാധ്യത പരിശോധിക്കുന്നതിന് പാചകത്തിനുപയോ​ഗിക്കുന്ന ഇന്ധനം ഏതെന്നുൾപ്പെടെയുള്ള ചോദ്യങ്ങളുമുണ്ട്. ഓരോ വ്യക്തിയുടെ ആരോ​ഗ്യവിവരം ശേഖരിക്കുന്നതിനാലും മുൻകൂട്ടി പരിശോധന നടത്തുന്നതിനാലും രോ​ഗം മൂർച്ഛിക്കുംമുമ്പ് ചികിത്സ ആരംഭിക്കാമെന്നതാണ് സർവേയുടെ നേട്ടം.



deshabhimani section

Related News

0 comments
Sort by

Home