നിപാ പ്രതിരോധം
കേന്ദ്രസംഘം വവ്വാലുകളുടെ താവളം പരിശോധിച്ചു


സ്വന്തം ലേഖകന്‍
Published on May 17, 2025, 12:00 PM | 1 min read
മലപ്പുറം
നിപാ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളാഞ്ചേരി സ്വദേശിനിയുടെ വീടിന്റെ പരിസരത്തുള്ള വവ്വാലുകളുടെ താവളം കേന്ദ്രസംഘം പരിശോധിച്ചു. ജില്ലയിലെത്തിയ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) സംഘാംഗങ്ങളാണ് വളാഞ്ചേരിയിൽ പരിശോധന നടത്തിയത്. യുവതിയുടെ വീടിന്റെ ചുറ്റുപാടും ധാരാളം പഴവർഗങ്ങളുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽനിന്നാകാം രോഗവ്യാപനമുണ്ടായതെന്നാണ് നിഗമനം. അതുകൊണ്ടാണ് പ്രദേശത്തെ വവ്വാലുകളുടെ കേന്ദ്രങ്ങളിലും പരിശോധന നടത്തിയത്.
മൂന്നംഗ കേന്ദ്രസംഘമാണ് ആദ്യമെത്തിയിരുന്നത്. വെള്ളിയാഴ്ച ഡോ. അശ്വിനികൂടി ഇതിന്റെ ഭാഗമായി. നിപാ ബാധിച്ച യുവതി ചികിത്സയിലുള്ള പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇവർ സന്ദർശനം നടത്തി. രോഗിയുടെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.
അതേസമയം തുടർച്ചയായ മൂന്നാംദിനവും പുതുതായി ആരും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇതുവരെ 166 പേരാണ് പട്ടികയിലുള്ളത്. ഇവരെ നിരീക്ഷിച്ചുവരുന്നു. ഇതുവരെ പരിശോധിച്ച 67 സാമ്പിളുകളും നെഗറ്റീവ് ആണ്. സമ്പർക്കപ്പട്ടികയിലെ 65പേർ ഹൈ റിസ്ക് വിഭാഗത്തിലും 101പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്. 11പേർക്ക് പ്രൊഫൈലാക്സിസ് ചികിത്സ നൽകുന്നുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്, എറണാകുളം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും ഓരോരുത്തർ ചികിത്സയിലുണ്ട്. പനി സർവേയുടെ ഭാഗമായി നടത്തിയ വീട് സന്ദർശനം പൂർത്തിയായി. നിപാ കോൾ സെന്ററിലെത്തിയ 15 ഫോൺ വിളികളിൽ ഏഴുപേർക്ക് മാനസിക പിന്തുണ നൽകി.
പൂച്ചയുടെ ഫലം *നെഗറ്റീവ്
വളാഞ്ചേരിയിൽ നിപാ സ്ഥിരീകരിച്ച നാൽപ്പത്തിരണ്ടുകാരിയുടെ അയൽവാസിയുടെ വീട്ടിൽ ചത്ത പൂച്ചയുടെ സ്രവ പരിശോധനാഫലവും നെഗറ്റീവ്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറി(എച്ച്എസ്എഡിഎൽ)യിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഫലം പുറത്തുവന്നത്. നിപാ ബാധിച്ച നാൽപ്പത്തിരണ്ടുകാരിയുടെ വീടിന്റെ ഒരുകിലോമീറ്റർ ചുറ്റളവിൽ മൃഗസംരക്ഷണ വകുപ്പ് നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. എല്ലാ വീടുകളിലെയും ജീവജാലങ്ങളുടെ സാമ്പിളുകളെടുത്താണ് പരിശോധനക്ക് അയക്കുന്നത്.
0 comments