Deshabhimani

പാഴ്‌വസ്‌തുക്കളിൽ പിറന്നു കൗതുകക്കാഴ്‌ചകൾ

alappuzha exhibition
വെബ് ഡെസ്ക്

Published on Feb 13, 2025, 09:41 AM | 2 min read

ആലപ്പുഴ: പ്ലാസ്‌റ്റിക് കുപ്പിയിൽനിന്ന്‌ തെങ്ങ്‌, പാമ്പ്‌, ജിറാഫ്‌, കഥകളി രൂപം, കന്നാസിന്‌ പരിണാമം സംഭവിച്ചപ്പോൾ ആന. കടലാസ്‌ ചട്ടകളും പുസ്‌തകത്താളുകളും ചകിരിയും ചിരട്ടയും ഭംഗിയുള്ള വീടുകളായി. പല വർണത്തിലും രൂപത്തിലുമുള്ള പൂക്കൾ. പാഴ്‌വസ്‌തുക്കളിൽനിന്ന്‌ പുതിയ രൂപങ്ങൾ ഉണ്ടായപ്പോൾ കാണാനെത്തിയവരുടെ കണ്ണിനും മനസിനും കുളിർമയേകിയ കാഴ്‌ചകളായി മാറി.


നഗരസഭ സ്വച്ഛ് സർവേക്ഷൻ, മാലിന്യമുക്ത നവകേരളം കാമ്പയിനുകളുടെ ഭാഗമായി നഗരത്തിലെ സ്‌കൂൾതലത്തിൽ സംഘടിപ്പിച്ച വേസ്‌റ്റ്‌ ടു ആർട്ട് കാമ്പയിനിലാണ്‌ കുട്ടികൾ പാഴ്‌വസ്‌തുക്കളിൽനിന്ന്‌ നിർമിച്ച കൗതുകവും, ഉപയോഗപ്രദവുമായ കരകൗശല വസ്‌തുക്കൾ പിറന്നത്‌. ടൗൺഹാളിൽ നടന്ന പ്രദർശന ഉദ്ഘാടനവും നഗരത്തിലെ ഹരിത സ്‌കൂൾ പ്രഖ്യാപനവും ഇന്ത്യാ ഇന്നവേറ്റീവ് ചലഞ്ച് ജേതാവ് ജോയ് സെബാസ്‌റ്റ്യൻ നടത്തി.


പാഴ്‌വസ്‌തുക്കളെല്ലാം വലിച്ചെറിയേണ്ടതല്ല, അത് മൂല്യവർധിതമായ മറ്റൊരു വസ്‌തുവാക്കാമെന്നുള്ള അവബോധം വിദ്യാർഥികളിൽ സൃഷ്‌ടിക്കുക എന്ന ലക്ഷ്യവുമായാണ് വേസ്‌റ്റ്‌ ടു ആർട്ട് മത്സരവും പ്രദർശനവും നഗരസഭ സംഘടിപ്പിച്ചത്. 44 സ്‌കൂളിലായി ആയിരത്തിൽപ്പരം കൗതുക ഉൽപ്പന്നങ്ങളാണ് വിദ്യാർഥികൾ നിർമിച്ചത്‌. കുട്ടികളുടെ ശുചിത്വ ചിത്ര പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചു. വിവിധ സ്‌കൂളുകളിൽനിന്ന്‌ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പ്രദർശനം കാണാനെത്തി.


വേസ്‌റ്റ്‌ ടു ആർട്ട് മത്സരത്തിൽ എൽപി വിഭാഗത്തിൽ ടിഡിജെബി സ്‌കൂൾ ഒന്നാംസ്ഥാനവും സെന്റ്‌ ജോസഫ്, സെന്റ്‌ ആന്റണീസ് എൽപി സ്‌കൂളുകൾ രണ്ടാംസ്ഥാനവും കളർകോട് ഗവ. എൽപി മൂന്നാംസ്ഥാനവുംനേടി. യുപി വിഭാഗത്തിൽ സെന്റ്‌ ജോസഫ് ഒന്നാംസ്ഥാനവും ഗവ. യുപിഎസ് കളർകോട്, ഗവ. മുഹമ്മദൻസ് ബോയ്സ് എന്നിവ രണ്ടാംസ്ഥാനവും ഗവ. മുഹമ്മദൻസ് ഗേൾസ് മൂന്നാംസ്ഥാനവുംനേടി.

ഹൈസ്‌കൂൾ വിഭാഗത്തിൽ സെന്റ്‌ ജോസഫ് ഒന്നും മുഹമ്മദൻസ് ഗേൾസ് രണ്ടും തുമ്പോളി സെന്റ്‌ തോമസ് എച്ച്എസ്, തത്തംപള്ളി സെന്റ്‌ മൈക്കിൾസ് എച്ച്എസ് മൂന്നും സ്ഥാനങ്ങൾ നേടി.


ഉദ്‌ഘാടനയോഗത്തിൽ നഗരസഭാ വൈസ്ചെയർമാൻ പി എസ് എം ഹുസൈൻ അധ്യക്ഷനായി. എ എസ് കവിത, ആർ വിനിത, എം ആർ പ്രേം, നസീർ പുന്നക്കൽ എം ജി സതീദേവി, കക്ഷിനേതാക്കളായ ഡി പി മധു, സലിംമുല്ലാത്ത്, നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ എസ് രാജേഷ്, മാലിന്യമുക്തം നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ കെ എസ് ഷിബു, ശുചിത്വ മിഷൻ അസി. കോ-ഓർഡിനേറ്റർ മുഹമ്മദ് കുഞ്ഞാശാൻ, ഹെൽത്ത് ഓഫീസർ കെ പി വർഗീസ്, നഗരസഭാ നോഡൽ ഓഫീസർ സി ജയകുമാർ, നഗരസഭാ സെക്രട്ടറി എ സുരേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

0 comments
Sort by

Home