പ്രതികാരം വീട്ടാനായില്ലെന്ന് കോൺഗ്രസ്
പൊലീസുകാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചേക്കും

ആലപ്പുഴ
ചട്ടപ്രകാരം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നടപടി കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദത്തെ തുടർന്ന് മരവിപ്പിക്കാൻ നീക്കം. ഒരു സ്‌റ്റേഷനിൽ മൂന്ന് വർഷം പൂർത്തിയാക്കിയ പൊലീസുകാരെയാണ് ജില്ലാ പൊലീസ് മേധാവി ജനറൽ ട്രാൻസ്‌ഫറിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. മൂന്ന് വർഷം പൂർത്തിയാക്കിയ പൊലീസുകാരിൽനിന്ന് ചട്ടപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ജില്ലാ പൊലീസ് മേധാവി സ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കിയത്. ഇതിന് രാഷ്‌ട്രീയ ഭേദമന്യേ പൊലീസുകാരുടെ താൽപ്പര്യവും ആവശ്യവും പരിഗണിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ചല്ല സ്ഥലംമാറ്റം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സമ്മർദം ചെലുത്തുകയായിരുന്നു. ഡിസിസി പ്രസിഡന്റ് നേരിട്ട് ആഭ്യന്തര മന്ത്രിയെ വിളിച്ചതായി വാർത്തകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റ നടപടി മരവിപ്പിക്കാൻ ധാരണയായത്. ജില്ലാ പൊലീസ് മേധാവിമാരുടെ സ്ഥലം മാറ്റം ഉടനെ നടക്കാനിരിക്കെ പുതിയ എസ്‌പി ചുമതലയേറ്റശേഷമായിരിക്കും സ്ഥലംമാറ്റമെന്നാണ് സൂചന. സിവിൽ പൊലീസ് ഓഫീസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ തസ്‌തികയിലെ 352 ഉദ്യോഗസ്ഥരെയാണ് വിവിധ സ്‌റ്റേഷനുകളിലേക്ക് സ്ഥലംമാറ്റിയത്. തങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് പ്രതികാര നടപടിയില്ലാതെ നടപ്പാക്കിയ സ്ഥലംമാറ്റം കോൺഗ്രസ് നേതൃത്വം ഇടപെട്ട് അട്ടിമറിച്ചതിന് എതിരെ പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്.










0 comments