കുടുംബശ്രീ സ്‌നേഹിത ഹെൽപ് ഡെസ്‌ക് പൊലീസ് സ്‌റ്റേഷനുകളിലും
ചേർത്തുപിടിക്കും കാക്കിക്കവചം ഒരുക്കും സ്‌നേഹത്തണൽ

സ്‌നേഹിത–-പൊലീസ് സ്‌റ്റേഷൻ എക്സ്റ്റൻഷൻ സെന്ററിന്റെ ജില്ലാ ഉദ്‌ഘാടനം ചേർത്തല സ്‌റ്റേഷനിൽ മന്ത്രി പി പ്രസാദ് നടത്തുന്നു. ഡിവെെഎസ്പി ഹരിഷ് ജെയ്ൻ സമീപം

സ്വന്തം ലേഖകൻ
Published on Mar 16, 2025, 02:45 AM | 1 min read
ആലപ്പുഴ
മനസുലഞ്ഞ് പൊലീസ് സ്‌റ്റേഷനുകളിലെത്തുന്നവർക്കും ഇനി കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് തണലൊരുക്കും. സ്റ്റേഷനുകളിലെത്തുന്നവരിൽ ആവശ്യമുള്ളവർക്ക് മാനസിക പിന്തുണയും കൗൺസലിങ്ങും ഉറപ്പാക്കുന്നതാണ് പദ്ധതി. ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നൂർ, ചേർത്തല ഡിവൈഎസ്‌പി ഓഫീസ് പരിധികളിലാണ് സ്‌നേഹിത–-പൊലീസ് സ്‌റ്റേഷൻ എക്‌സറ്റൻഷൻ സെന്ററുകൾ പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ടുദിവസങ്ങളിൽ സേവനം ലഭ്യമാക്കും. കുടുംബശ്രീ മിഷന്റെയും ആഭ്യന്തര വകുപ്പിന്റെയും നേതൃത്വത്തിൽ ഡിവൈഎസ്‌പി, എസിപി ഓഫീസുകൾ കേന്ദ്രീകരിച്ചാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്. കുടുംബശ്രീ കമ്യൂണിറ്റി കൗൺസലർമാരെ സെന്റർ പ്രവർത്തനത്തിന് ചുമതലപ്പെടുത്തും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അഞ്ച് കമ്മ്യൂണിറ്റി കൗൺസലർമാരാണ് സെന്ററുകളിൽ പ്രവർത്തിക്കുക. ഇതിനായി ക്രിമിനൽ സൈക്കോളജിയിലടക്കം ഇവർക്ക് പരിശീലനം നൽകി. കൗൺസലിങ് ലഭ്യമാക്കി പരാതി വ്യവഹാരതലം മെച്ചപ്പെടുത്താൻ സഹായകമാകുക, കൗൺസലിങ്ങിനെത്തുന്നവരുടെ മാനസികതലം അവലോകനം ചെയ്യുക, കൂടുതൽ സഹായം ആവശ്യമുള്ളവർക്ക് മാനസികാരോഗ്യവിദഗ്ധരുടെ സേവനം ലഭ്യമാക്കുക, വ്യക്തികളുടെ മാനസികനില പരിശോധിച്ച് കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുക, പാർശ്വവൽക്കരിക്കപ്പെട്ട–- ദുർബല ജനവിഭാഗങ്ങൾ നേരിടുന്ന ചൂഷണങ്ങൾ ഇല്ലാതാക്കുക, സാമൂഹിക–- മാനസികാരോഗ്യ മേഖലയിൽ സമ്പൂർണവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ, കുടുബ പ്രശ്നങ്ങൾ, മാനസിക പിന്തുണ ആവശ്യമായ മറ്റ് കേസുകൾ എന്നിവയിൽ സേവനം ലഭ്യമാക്കും. സെന്ററിലെ രേഖകൾ രഹസ്യാത്മകമായി സൂക്ഷിക്കും. ആവശ്യമായ കേസുകളിൽ കൗൺസലർ തുടർനിരീക്ഷണം ഉറപ്പാക്കും. ഉപജീവനമാർഗം ആവശ്യമുള്ളവർക്ക് കുടുംബശ്രീയുടെ വിവിധ പദ്ധതികളിൽ സഹായം ഉറപ്പാക്കും. എക്‌സ്‌റ്റെൻഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ സെന്റർ തലത്തിലും ജില്ലാ–-സംസ്‌ഥാന തലത്തിലും നിരീക്ഷിക്കും. ചേർത്തല പൊലീസ് സ്‌റ്റേഷനിൽ ജില്ലാതല ഉദ്‌ഘാടനം മന്ത്രി പി പ്രസാദ് നടത്തി. ആലപ്പുഴ -വനിതാ പൊലീസ് സ്റ്റേഷൻ, അമ്പലപ്പുഴ -ഡിവൈഎസ്‌പി ഓഫീസ് എന്നിവിടങ്ങളിൽ -എച്ച് സലാം എംഎൽഎയും കായംകുളം - -ഡിവൈഎസ്‌പി ഓഫീസിൽ യു പ്രതിഭ എംഎൽഎയും ചെങ്ങന്നൂർ- പൊലീസ് സ്റ്റേഷനിൽ എം എസ് അരുൺ കുമാർ എംഎൽഎയും സെന്റർ ഉദ്‌ഘാടനംചെയ്‌തു.
0 comments