ad
Deshabhimani

പെയ്‌തൊഴിയാതെ ഞായർ

ആലപ്പുഴ നഗരത്തിലെ വ്യാപാരശാലയിൽനിന്ന് പുത്തൻ ഷൂസും 
പഠനോപകരണങ്ങളും വാങ്ങി മഴയിലൂടെ മടങ്ങുന്ന കുട്ടി. ടൗൺഹാളിന് 
സമീപത്ത് നിന്നുള്ള കാഴ്ച

ആലപ്പുഴ നഗരത്തിലെ വ്യാപാരശാലയിൽനിന്ന് പുത്തൻ ഷൂസും 
പഠനോപകരണങ്ങളും വാങ്ങി മഴയിലൂടെ മടങ്ങുന്ന കുട്ടി. ടൗൺഹാളിന് 
സമീപത്ത് നിന്നുള്ള കാഴ്ച

വെബ് ഡെസ്ക്

Published on May 25, 2026, 12:46 AM | 1 min read

ആലപ്പുഴ

ജില്ലയിൽ ഞായറാഴ്‌ച ലഭിച്ചത്‌ കനത്തമഴ. രാവിലെ ആരംഭിച്ച മഴ ഇടവിട്ട്‌ രാത്രിവരെ തുടർന്നു. ഞായർ പകൽ 2.45 ഓടെ ജില്ലയിൽ നിലനിന്നിരുന്ന മഞ്ഞജാഗ്രതാ നിർദേശം കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ചിലേക്ക്‌ മാറ്റി പ്രഖ്യാപിച്ചു. ഞായർ രാവിലെ 10 ഓടെ അരൂരിൽ ഇടിമിന്നലേറ്റ് അറുപതുകാരൻ മരിച്ചു. കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി ആണ്‌ മരിച്ചത്‌. കനത്തമഴയിൽ നഗരത്തിലടക്കം ജില്ലയിലെ താഴ്‌ന്ന സ്ഥലങ്ങൾ വെള്ളക്കെട്ടിലായി. ഞായർ രാവിലെ 8.30ന്‌ അവസാനിച്ച 24 മണിക്കൂറിനിടെ ജില്ലയിൽ ശരാശരി 21.26 മില്ലിമീറ്റർ മഴ ലഭിച്ചു. ചേർത്തല – 15, മങ്കൊമ്പ്‌ – 56, കാർത്തികപ്പള്ളി – 6.2, മാവേലിക്കര – 23, കായംകുളം – 6.1 എന്നിങ്ങനെയാണ്‌ വിവിധയിടങ്ങളിൽ മഴ ലഭിച്ചത്‌. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് 27 വരെ പ്രഖ്യാപിച്ചിരുന്ന മഞ്ഞജാഗ്രതാ നിർദേശം 28ലേക്കും നീട്ടി. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 ശതമാനം കൂടുതൽ മഴ ​​

ജില്ലയിൽ ഇതുവരെ ലഭിച്ച വേനൽമഴയിൽ 24 ശതമാനത്തിന്റെ വർധന. മാർച്ച്‌ ഒന്നുമുതൽ മെയ്‌ 24 വരെ ജില്ലയിൽ 82.4 മില്ലിമീറ്റർ വേനൽമഴ അധികം ലഭിച്ചു. കേന്ദ്രകാലവസ്ഥാവകുപ്പിന്റെ കണക്കനുസരിച്ച്‌ 338.1 മില്ലിമീറ്റർ മഴയാണ്‌ സാധരണയായി ഇക്കാലയളവിൽ ലഭിക്കേണ്ടത്‌. എന്നാൽ ഇതുവരെ 420.5 മില്ലിമീറ്റർ മഴ ലഭിച്ചു. 
 ഇ‍ൗ മാസം 15 വരെ ജില്ലയിൽ വേനൽമഴയിൽ 32 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. 182.9 മില്ലിമീറ്റർ മഴ മാത്രമാണ്‌ മാർച്ച്‌ ഒന്നുമുതൽ മെയ്‌ 15 വരെ ലഭിച്ചത്‌. തുടർന്നുള്ള ആഴ്‌ചകളിൽ വേനൽമഴ കനത്തതാണ്‌ മഴയുടെ അളവ്‌ വർധിപ്പിച്ചത്‌. വേനൽമഴ കണക്കാക്കുന്ന മാർച്ച്‌ ഒന്നുമുതൽ മെയ്‌ 31 വരെ ജില്ലയിൽ സാധരണയായി ലഭിക്കേണ്ടത്‌ 441.4 മില്ലിമീറ്റർ മഴയാണ്‌. 2025–ൽ 655.7 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home