അപകടത്തിൽ മരിച്ച വിദ്യാർഥികളെ അനുസ്‌മരിച്ചു

അമ്പലപ്പുഴ
അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ ദീപ്തസ്‌മരണകൾക്ക് ഇന്ന് ഒരാണ്ട്. ആലപ്പുഴ വണ്ടാനം ഗവ. ടി ഡി മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥികളായ മുഹമ്മദ് ഇബ്രാഹിം, ആയുഷ് ഷാജി, മുഹമ്മദ് അബ്‌ദുൾ ജബ്ബാർ, ബി ദേവനന്ദൻ, ശ്രീദീപ് വത്സൻ, ആൽവിൻ ജോർജ് എന്നീ ആറ് പേരാണ് കളർകോട് ചങ്ങനാശേരിമുക്കിന് സമീപം കഴിഞ്ഞ ഡിസംബർ രണ്ടിന് റോഡ് അപകടത്തിൽ മരിച്ചത്. ഇവരുടെ സ്‌മരണയ്‌ക്കായി മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറി ഹാളിൽ സ്ഥാപിച്ച വിദ്യാർഥികളുടെ ഛായചിത്രം പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ അനാശ്ചാദനംചെയ്‌തു. അതോടൊപ്പം 1968ലെ നെഹ്റുട്രോഫി വള്ളംകളിക്കിടെ പുന്നമട കായലിൽ ബോട്ടപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളായ സി ജെ ഡേവിഡ്, ജി ബാബുരാജ് എന്നിവരുടെ ചിത്രങ്ങളും ലൈബ്രറിയിൽ സ്ഥാപിച്ചു. പാലക്കാട് സ്വദേശിയായ ശ്രീദീപ് വത്സന്റെ സ്‌മരണാർഥം കുടുംബാംഗങ്ങൾ 128–ാം ബാച്ചിലെ ഒന്നാംവർഷ പരീക്ഷയിൽ അനാട്ടമി, ബയോകെമസ്ട്രി വിഷയങ്ങളിൽ ഉന്നതവിജയം നേടിയ ഹന്ന സാജനും, ഫിസിയോളജി വിഷയത്തിൽ കൂടുതൽ മാർക്ക് നേടിയ എം എം അഞ്‌ജനയ്‌ക്കും മൊമന്റോയും, കാഷ് അവാർഡും വിതരണംചെയ്‌തു. സഹപാഠികളായ കുട്ടികളുടെ സ്‌മരണ നിലനിർത്താൻ കോളേജ് അങ്കണത്തിൽ തുടക്കം കുറിച്ച വൃന്ദാവൻ എന്ന പൂന്തോട്ടത്തിൽ ആറ് പ്ലാവിൻ തൈകൾ നട്ടുപിടിപ്പിച്ചു. 1000 ഔഷധ സസ്യങ്ങളും ഇവിടെ നട്ടുവളർത്തും. പരിപാടിയിൽ പിടിഎ പ്രസിഡന്റ് സി ഗോപകുമാർ അധ്യക്ഷനായി. പിടിഎ വൈസ്‌പ്രസിഡന്റ് ഷാജി വാണിയപുരയ്‌ക്കൽ, കോളേജ് യൂണിയൻ ചെയർപേഴ്സൺ സാൻ മരിയ ബേബി, പിടിഎ അംഗങ്ങളായ പുഷ്‌പരാജൻ, എസ് എസ് ഹാരിസ്, കെ പി സലീൽകുമാർ, ബി സുനിൽ, 128 ബാച്ച് പ്രതിനിധികളായ ജെസിൽ, അലീന റെയ്ച്ചൽ, ജിത്ത് മോൻ എന്നിവർ സംസാരിച്ചു.









0 comments