മേൽപ്പാലം കാത്ത് 103 ലെവൽ ക്രോസുകൾ

അഞ്‌ജുനാഥ്
ആലപ്പുഴ
ജില്ലയിൽ റെയിൽവേ മേൽപ്പാലം നിർമിക്കേണ്ടത് 103 ലെവൽ ക്രോസുകളിൽ. സ്റ്റേഷൻ മാസ്‌റ്റർമാർ നേരിട്ട് നിയന്ത്രിക്കുന്ന പതിനാലും (ട്രാഫിക് ഗേറ്റ്) ജീവനക്കാർ നിയന്ത്രിക്കുന്ന എൺപത്തിയൊമ്പതും (എൻജിനീയറിങ് ഗേറ്റ്) ലെവൽക്രോസുകളുണ്ട്. ഇതിൽ തിരക്കുകൂടുതലായ ക്രോസുകളിൽ മേൽപ്പാലം നിർമാണത്തിന് സർവേ ഉൾപ്പെടെ പ്രാഥമിക ജോലികൾ നടത്തിയതല്ലാതെ തുടർനടപടികളൊന്നും റെയിൽവേ ഇതുവരെ ആരംഭിച്ചിട്ടില്ല. നരേന്ദ്രമോദി 2014ൽ അധികാരമേറ്റശേഷം യൂണിയൻ ഗവൺമെന്റ് പ്രഖ്യാപിച്ച റെയിൽവേ പദ്ധതികളിൽ പ്രധാനപ്പെട്ടതായിരുന്നു മേൽപ്പാലങ്ങൾ. പക്ഷേ, പൂർത്തീകരണം പ്രഖ്യാപനത്തിലൊതുങ്ങി. കേരളത്തിൽ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകാമെന്ന് അറിയിച്ചിട്ടും അലംഭാവം തുടർന്നു. ലെവൽക്രോസിലെ തിരക്ക് സൂചിപ്പിക്കുന്ന ‘ട്രെയിൻ വെഹിക്കിൾ യൂണിറ്റ്’ (ടിവിയു) ജില്ലയിൽ വളരെയധികമാണ്. ഒരു ലെവൽ ക്രോസിൽ 24 മണിക്കൂറിൽ എത്തുന്ന വാഹനങ്ങളുടെ എണ്ണത്തെ പാതയിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ എണ്ണം കൊണ്ടു ഗുണിച്ചാൽ കിട്ടുന്ന സംഖ്യയാണ് ടിവിയു. ദക്ഷിണറെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനുകീഴിൽ ഏറ്റവുമധികം ലെവൽക്രോസുകൾ കുമ്പളം മുതൽ കായംകുളംവരെ നീളുന്ന ആലപ്പുഴ സെക്‌ഷനിലാണ്. ഇവിടെ അപകടവും പതിവാണ്. അറ്റകുറ്റപ്പണികൾക്കായി പലപ്പോഴും ലെവൽക്രോസുകൾ ദിവസങ്ങളോളം അടച്ചിടുന്നു. ഇത് ജനങ്ങൾക്ക് വലിയ അസൗകര്യവുമുണ്ടാക്കുന്നു. ഗതാഗതം കിലോമീറ്ററുകളോളം വഴിതിരിച്ചുവിടേണ്ടി വരുന്നു. റെയിൽവേയുടെ നടപടി പലഭാഗങ്ങളിലും ഗേറ്റ് കീപ്പർമാരും ജനങ്ങളും തമ്മിൽ തർക്കത്തിനും ചിലയിടങ്ങളിൽ സംഘർഷത്തിലേക്ക് നീങ്ങുന്നതിനും കാരണമാകുന്നു. കഴിഞ്ഞദിവസം തുമ്പോളിയിൽ ഗേറ്റ് അടച്ചതിനെത്തുടർന്ന് തർക്കമുണ്ടായി.
0 comments