ഓയിൽ പാം ഇന്ത്യ നെല്ല് സംഭരണം തുടങ്ങി

സ്വന്തം ലേഖകൻ
ആലപ്പുഴ
കുട്ടനാട്ടിൽ ഉപ്പുവെള്ളം കയറിയും അത്യുഷ്‌ണംമൂലവും വിളവും ഗുണനിലവാരവും കുറഞ്ഞതിനാൽ നെല്ലെടുപ്പ് പ്രതിസന്ധിയിലായ പാടങ്ങളിൽനിന്ന് കൃഷി വകുപ്പ് സംഭരണ നടപടി ആരംഭിച്ചു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേനയാണ് നെല്ല് സംഭരിക്കുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാട്ടുകോണം, കോലടിക്കാട് പാടങ്ങളിൽനിന്നാണ് ശനിയാഴ്‌ച സംഭരണം തുടങ്ങിയത്. മന്ത്രി പി പ്രസാദ് നേതൃത്വം നൽകി. ആദ്യഘട്ടമായി കാട്ടുകോണം, വട്ടപായിത്ര, കോലടിക്കാട്, കന്നിട്ട സി ബ്ലോക്ക് പാടങ്ങളിലെ നെല്ലാണ് സംഭരിക്കുക. തുടക്കത്തിൽ 450 ടൺ നെല്ല് സംഭരിക്കും. സർക്കാർ മൂന്നുകോടി രൂപ കൃഷിവകുപ്പിന് പ്രത്യേക പാക്കേജായി അനുവദിച്ചിട്ടുണ്ട്. നെൽവില ഗുണനിലവാരത്തിന് ആനുപാതികമായി കർഷകരുടെ അക്കൗണ്ടിലേക്ക് കൃഷിവകുപ്പ് നൽകും. "ഉപ്പുവെള്ളം കയറിയയതിനാൽ മില്ലുകൾ പിൻമാറിയ സാഹചര്യത്തിൽ കർഷകർക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനാണ് കൃഷിവകുപ്പ് നേരിട്ട് നെല്ല് സംഭരിക്കാൻ തീരുമാനിച്ചത്. ചട്ടങ്ങൾപ്രകാരം കൃഷിനാശത്തിന്റെ നഷ്‌ടപരിഹാരം നിശ്ചയിക്കാൻ കൃഷി ഡയറക്‌ടറെ ചുമതലപ്പെടുത്തി. കൊയ്‌തെടുത്ത നെല്ലിൽ എഫ്‌എക്യു (ഫെയർ ആവറേജ് ക്വാളിറ്റി) നിലവാരമുള്ള നെല്ല് സപ്ലൈകോയുടെ നിലവിലെ സംഭരണപ്രക്രിയയിലൂടെ സംഭരിക്കും'–- മന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിട്ട പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ അധികൃതരെ ചുമതലപ്പെടുത്തി. ഒരാഴ്‌ച്ചയ്‌ക്കകം നടപടികൾ പൂർത്തീകരിച്ച് നെല്ല് സംഭരണം പൂർത്തിയാക്കാനാണ് നിർദേശം.
0 comments