പത്ത് കടക്കാൻ ‘പാഠം ഒന്ന്’

ആലപ്പുഴ
അൻപതു വയസുവരെ എല്ലാവർക്കും പത്താം ക്ലാസ് വിദ്യാഭ്യാസം നൽകാൻ ആലപ്പുഴ ഒരുങ്ങുന്നു. "പാഠം ഒന്ന് ആലപ്പുഴ' സമ്പൂർണ പത്താംതരം തുല്യതാ പദ്ധതി ജില്ലാ പഞ്ചായത്തും സാക്ഷരതാ മിഷനും ചേർന്നാണ് നടപ്പാക്കുന്നത്. സമ്പൂർണ സെക്കൻഡറി വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ ആദ്യജില്ലയായി ആലപ്പുഴയെ മാറ്റുക, വിദ്യാഭ്യാസവും തൊഴിലും സ്വന്തമാക്കുന്ന ജനതയെ സൃഷ്‌ടിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ അധ്യക്ഷയായി. അംഗങ്ങളായ ആർ റിയാസ്, വി ഉത്തമൻ, സാക്ഷരതാമിഷൻ ജില്ലാ കോ–- ഓർഡിനേറ്റർ കെ വി രതീഷ്, അസി. കോ–- -ഓർഡിനേറ്റർമാരായ എസ് ലേഖ, ജസ്റ്റിൻ ജോസഫ്, ഡയറ്റ് സീനിയർ ലക്ച്ചറർ കുമാരി മിനി, ജില്ലാ ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ മായ ലക്ഷ്‌മി എന്നിവർ സംസാരിച്ചു. "പാഠം ഒന്ന് ആലപ്പുഴ' പദ്ധതിയുടെ ജില്ലാ സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്‌തു. ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കലക്‌ടർ എന്നിവർ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും വിദ്യാഭ്യാസ ഉപഡയറക്‌ടർ ജനറൽ കൺവീനറുമാണ്. വൈസ് ചെയർപേഴ്‌സൺമാരായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ, കെ ഡി മഹീന്ദ്രൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ), പി പി സംഗീത (പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ) എന്നിവരെയും തെരഞ്ഞെടുത്തു.
0 comments