എസ്‌എസ്‌എൽസി പരീക്ഷ പൂർത്തിയായി
പരീക്ഷണമായില്ല.. പരിക്കേറ്റില്ല

പറവൂർ ഗവ. ഹയർസെക്കൻഡറി സ‍്കൂളില്‍നിന്ന് എസ്എസ്എൽസി പരീക്ഷയ‍്ക്കുശേഷം രക്ഷകർത്താക്കൾക്കൊപ്പം മടങ്ങുന്ന വിദ്യാർഥികൾ

സ്വന്തം ലേഖകന്‍
Published on Mar 27, 2025, 02:30 AM | 1 min read
ആലപ്പുഴ
എസ്‌എസ്‌എൽസി പരീക്ഷാഹാളിൽനിന്ന് ഉച്ചവെയിലിലേക്ക് ഇറങ്ങിവന്ന കുഞ്ഞുമുഖങ്ങളെല്ലാം കൊടുംചൂടിലും പ്രസന്നം. അവസാന പരീക്ഷ ബയോളജിയായിരുന്നു. സമയത്തിനനുസരിച്ച് ചോദ്യങ്ങളെല്ലാം ഏഴുതിത്തീർക്കാനായതിന്റെ സന്തോഷം പലരിലും പ്രകടം. നന്നായി പേടിപ്പിച്ച കണക്കും വലിയ കടമ്പയായില്ല. പറവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അനാമികയ്‌ക്ക് കുറച്ചെങ്കിലും വെല്ലുവിളി ഉയർത്തിയത് സാമൂഹ്യശാസ്‌ത്രമായിരുന്നു. കൂട്ടുകാരി ശ്രീലക്ഷ്‌മിക്ക് ഊർജതന്ത്രമായിരുന്നു കടുപ്പം. എങ്കിലും മാതൃകാപരീക്ഷയോടെ വിഷയങ്ങളെക്കുറിച്ച് നല്ല ധാരണ ലഭിച്ചതിനാൽ ഫുൾ എ പ്ലസ് കിട്ടുമെന്ന പ്രതീക്ഷയിൽ ഇരുവരും ഉറച്ചുനിൽക്കുന്നു. അവസാനദിവസം ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ അധ്യാപകരുടെ പ്രത്യേക ശ്രദ്ധവേണമെന്ന് നിർദേശമുണ്ടായിരുന്നു. പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും മാതാപിതാക്കളോടൊപ്പം മാത്രം വിട്ടയക്കാൻ അധ്യാപകർ ശ്രദ്ധിച്ചു. മുൻവർഷങ്ങളിലെപ്പോലെ നിറപ്പൊടികൾ കലക്കിയെറിഞ്ഞ് ആഘോഷങ്ങളുണ്ടായില്ല. ആലപ്പുഴ എസ്ഡിവി ഗേൾസ് സ്‌കൂളിൽ യൂണിഫോമിൽ കളർപ്പേനകൾ കൊണ്ട് പരസ്‌പരം ഓട്ടോഗ്രാഫെഴുതിയാണ് കുട്ടികൾ വിടപറഞ്ഞത്. പരീക്ഷാക്കാലത്തിന്റെ കൊടുംചൂടിൽനിന്ന് ആശ്വാസത്തിന്റെ അവധിക്കാലത്തേക്ക് കടക്കുകയാണ് ഇനി കൗമാരം.
0 comments