മൺസൂൺകാല ട്രോളിങ് നിരോധം തുടങ്ങി
കടലിന്റെ കനിവ് തേടി പരന്പരാഗത മത്സ്യത്തൊഴിലാളികൾ


സ്വന്തം ലേഖകൻ
Published on Jun 10, 2026, 01:55 AM | 1 min read
ആലപ്പുഴ
മൺസൂൺകാല ട്രോളിങ് നിരോധം അർധരാത്രി മുതൽ പ്രാബല്യത്തിലായി. കടൽ കനിയുമെന്ന പ്രതീക്ഷയിൽ ഇനി പരന്പരാഗത വള്ളങ്ങൾ കടലിലേക്ക്. ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത മീൻപിടിത്ത ബോട്ടുകൾ തീരത്ത് എത്തി. അഴീക്കൽ ഉൾപ്പെടെയുള്ള ഹാർബറുകൾ അടച്ചു. മത്സ്യഗ്രാമങ്ങളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും ട്രോളിങ് നിരോധന മുന്നറിയിപ്പുകൾ നൽകിയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വേനൽമഴ കുറഞ്ഞത് ഒൗട്ട്‌ബോർഡ് വള്ളങ്ങളിൽ കടലിൽ പോകുന്നവരെ ആശങ്കയിലാക്കുന്നു. ശക്‌തമായ മഴയിൽ കടൽ ഇളകിയാൽ മീൻ ലഭ്യത കൂടുമെന്ന് പരന്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. കൊഴുവയും അയലയും മത്തിയും പൂവാലൻ ചെമ്മീനുമൊക്കെയാണ് ഇക്കാലയളവിൽ ഏറെയും ലഭിക്കുക. 2025 ൽ ട്രോളിങ് നിരോധന കാലയളവിൽ ധാരാളമായി പൂവാലൻ ചെമ്മീൻ ലഭിച്ചിരുന്നു. മഴ കനക്കുന്നതോടെ കിഴക്കൻവെള്ളം നല്ലരീതിയിൽ എത്തുന്നതും മത്സ്യലഭ്യത വർധിപ്പിക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാൽ ചൊവ്വാഴ്‌ച ജില്ലയിലെ പരന്പരാഗത മത്സ്യത്തൊഴിലാളികൾ ഭൂരിഭാഗവും മീൻപിടിക്കാൻ ഇറങ്ങിയില്ല. തോട്ടപ്പള്ളിയിൽനിന്ന് 27 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് 2025 ൽ എംഎസ്‌സി എൽസ–3 എന്ന ചരക്കുകപ്പൽ മുങ്ങിയത്. ഇതിലുണ്ടായിരുന്ന കണ്ടെയ്‌നറുകൾ അടക്കമുള്ളവയുടെ അവശിഷ്‌ടങ്ങളിൽ കടലിൽ പലഭാഗത്തായി അടിഞ്ഞതിൽ തട്ടി ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ മീൻപിടിത്ത ഉപകരണങ്ങൾക്കും ബോട്ടുകൾക്കും കേട് സംഭവിച്ചിരുന്നു. കപ്പൽ അപകടത്തിന്റെ അവശിഷ്‌ടങ്ങളുടെ ഭീഷണി ഇതുവരെ ഒഴിഞ്ഞിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇപ്പോഴും വലകൾ അവശിഷ്‌ടങ്ങളിൽ ഉടക്കാറുണ്ട്. കടലിന്റെ അടിത്തട്ടിലുള്ള അവശിഷ്‌ടങ്ങൾ കാലവർഷത്തെ തുടർന്ന് അടിയൊഴുക്ക് ശക്‌തമായാൽ സ്ഥാനം മാറാൻ സാധ്യതയുണ്ട്. ഇത് വലിയ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാമെന്നും അവശിഷ്‌ടങ്ങൾ കണ്ടെത്തി ശാസ്‌ത്രീയമായി നീക്കം ചെയ്യുകയാണ് ശാശ്വത പരിഹാരമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.










0 comments