വരേണ്യതയ്‌ക്കെതിരെ ‘മാടൻമോക്ഷം’

മാടൻമോക്ഷം അവതരണത്തിൽനിന്ന്
സ്വന്തം ലേഖകൻ
ആലപ്പുഴ
തിരിച്ചുവരവിന്റെ ഉണർവിലാണ് ആലപ്പുഴയിലെ ഗ്രാമീണനാടകങ്ങൾ. ഗ്രാമചൈതന്യമായി പരിലസിച്ചിരുന്ന കീഴാള ദൈവങ്ങളെ ക്ഷേത്രങ്ങളിലാക്കി വേഷംമാറ്റുന്ന വരേണ്യഅധിനിവേശത്തിന്റെ കഥ പറഞ്ഞ ‘മാടൻ മോക്ഷം’ ഇങ്ങനെ അരങ്ങിലെത്തിയ നാടകമാണ്. 38 വർഷത്തിനുശേഷമാണ് സംഗീതനാടക അക്കാദമിയുടെ നാടകമത്സരത്തിൽ ജില്ലയ്‌ക്ക് മൂന്ന് പുരസ്‌കാരങ്ങൾ മാടൻ മോക്ഷം കൊണ്ടുവന്നത്.
മാടൻമോക്ഷം മികച്ച നാടകമായപ്പോൾ മികച്ച നടനായി ചലച്ചിത്രതാരം പ്രമോദ് വെളിയനാടിന്റെ കുഞ്ഞൻ വേലത്താനും സംവിധായകനായി ജോബ് മഠത്തിലും തെരഞ്ഞെടുക്കപ്പെട്ടു. പുന്നപ്ര മരുതം തിയറ്റേഴ്‌സാണ് അവതരണം. പൗരോഹിത്യത്തിന്റെ ഹുങ്കിനെ ചോദ്യംചെയ്‌ത് വിവാദമായ കക്കുകളിയും സ്‌കൂൾ കലോത്സവ വേദിയിൽ ചൂരൽമലയിലെ വെള്ളാർമല സ്‌കൂളിന്റെ കഥ പറഞ്ഞ ‘വെള്ളപ്പൊക്കത്തിൽ’ എന്ന നാടകവുമെല്ലാം അരങ്ങിലെത്തിച്ച സംവിധായകനാണ് ജോബ് മഠത്തിൽ. ജയമോഹന്റെ ‘മാടൻ മോക്ഷ’മെന്ന് നോവലിനെ രാജമോഹനൻ നീലേശ്വരം കുട്ടനാടിന്റെ പശ്ചാത്തലത്തിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു.
1987ൽ പി എം ആന്റണിയുടെ ‘സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം’ എന്ന നാടകത്തിലൂടെയാണ് അമച്വർ നടക പുരസ്‌കാരം അവസാനമായി ജില്ലയിലെത്തിയത്. അന്ന് മികച്ച നടനായി തെരഞ്ഞടുക്കപ്പെട്ട ശിവൻ അയോധ്യയും മാടൻമോക്ഷത്തിൽ പ്രധാനവേഷത്തിലുണ്ട്. 22ഓളം അഭിനേതാക്കളാണ് നാടകത്തിലുള്ളത്. സംഗീതം രാജഗോപാൽ.
0 comments