അനധികൃത നിലംനികത്തൽ തടയണം: കെഎസ്‌കെടിയു

ആലപ്പുഴ
അനധികൃതമായി നിലവും തണ്ണീർത്തടങ്ങളും നീർച്ചാലുകളും നികത്തുന്നത് തടയാൻ റവന്യൂ, പൊലീസ് അധികാരികൾ കർശന നടപടികൾ സ്വീകരിക്കണമെന്ന് കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചില റവന്യൂ, പൊലീസ് അധികാരികളുടെ ഒത്താശയോടെയാണ് മാഫിയസംഘങ്ങൾ നിലംനികത്തുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ച് കൃഷിനിലങ്ങൾപോലും തരംമാറ്റി നൽകിയിട്ടുണ്ട്. അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. നിലംനികത്തലിനെതിരെ സമരംചെയ്യുന്ന കെഎസ്‌കെടിയു പരാതി നൽകിയാൽ ചില റവന്യൂ ഉദ്യോഗസ്ഥർ നടപടിയെടുക്കാറില്ല. അനധികൃത നിലംനികത്തൽ ചോദ്യംചെയ്യുന്ന പ്രവർത്തകരെ കായികമായി ആക്രമിക്കുന്നു. ബുധനൂരിൽ യൂണിയൻ ഏരിയ കമ്മിറ്റിയംഗം പ്രസന്നനെ ഗുണ്ടകൾ കൈയേറ്റംചെയ്തു. മാന്നാറിൽ ജില്ലാകമ്മിറ്റി അംഗം ടി ജി മനോജിനെ വീട്ടിൽചെന്ന് ഭീഷണിപ്പെടുത്തി. ഈ സംഭവങ്ങളിൽ സംഘടന പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശനനടപടി വേണമെന്ന് ജില്ലാ പ്രസിഡന്റ് കെ രാഘവനും സെക്രട്ടറി എം സത്യപാലനും ആവശ്യപ്പെട്ടു. മർദ്ദനവും ഭീഷണിയും നടത്തി പ്രവർത്തകരെ നിർവീര്യമാക്കാമെന്നത് വ്യാമോഹം മാത്രമാണ്. അനധികൃത നിലംനികത്തലിനെതിരായ സമരം കെഎസ്‌കെടിയു ശക്തമായി തുടരും. അനധികൃമായി നികത്തിയ നിലങ്ങളും നീർത്തടങ്ങളും പൂർവസ്ഥിതിയിലാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
0 comments