മഴക്കാലപൂര്‍വ ശുചീകരണം
അതിഥിത്തൊഴിലാളി ക്യാമ്പുകളിൽ ശ്രദ്ധവേണം

മഴക്കാലപൂര്‍വ ശുചീകരണ അവലോകനയോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ സംസാരിക്കുന്നു
ആലപ്പുഴ
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങൾ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം അവലോകനംചെയ്‌തു. അതിഥിത്തൊഴിലാളി ക്യാമ്പുകളിൽ ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ പറഞ്ഞു. ജില്ലാ പഞ്ചായത്തും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും ചേർന്നാണ് ശുചീകരണ പ്രവർത്തനം. വീടുകൾ, പൊതു സ്ഥലങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങി മൂന്ന് വിഭാഗങ്ങളായാണ് ശുചീകരണം. അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമ സേനയെ നിയോഗിച്ചിട്ടുണ്ട്. കുടുംബശ്രീ വീടുകളിൽ ബോധവൽക്കരണം നടത്തുമെന്നും എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങളെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ശുചിമുറികൾ ഉറപ്പാക്കണം സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ആവശ്യമായ ശുചിമുറികൾ ശുചിത്വ മിഷന്റെ സഹായത്തോടെ സംയുക്തമായി നിർമിക്കുന്നതിന് പഞ്ചായത്തുകൾക്ക് നൽകി. പഞ്ചായത്തുകളില്‍ ഫോഗിങ് നടത്തും. ഹരിതകര്‍മ സേനയ്ക്ക് ട്രോളി, പൊതുസ്ഥലങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ തുടങ്ങിയവ സംയുക്ത പദ്ധതിയായി നടപ്പിലാക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന, സന്നദ്ധ സംഘടന ഭാരവാഹികൾ, സാംസ്‌കാരിക പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമസേന എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കി പഞ്ചായത്തുതല യോഗങ്ങൾ 23ന് നടത്തും. വാർഡുതല യോഗങ്ങൾ 24നും കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ യോഗം 26നും ഓഫീസുകളുടെ ശുചീകരണം 27നും സംഘടിപ്പിക്കും. വാർഡുകളിൽ 31നകം ശുചീകരണം ഓരോ വാർഡുകളെയും 10 കേന്ദ്രങ്ങളായി തിരിച്ച് 31 നകം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി , ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ്, ശുചിത്വ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡി ഷിൻസ് എന്നിവരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.










0 comments