അക്ഷരം തണലായ 75 വർഷം

ചാരുംമൂട്: ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ ആദിക്കാട്ടുകുളങ്ങര ജനത ഗ്രന്ഥശാലയ്‌ക്ക് 75 വയസ്. മധ്യതിരുവിതാംകൂറിലെ ആദ്യഗ്രന്ഥശാലയായ ജനത 1948ൽ എം എൻ ഗോവിന്ദൻനായരാണ് ഉദ്ഘാടനംചെയ്‌തത്. പരേതനായ കെ ആർ ഗംഗാധരൻപിള്ള പ്രസിഡന്റായും കെ എം മുസ്‌തഫറാവുത്തർ സെക്രട്ടറിയായും നൈനാർറാവുത്തർ ലൈബ്രേറിയനായും ആരംഭിച്ച ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിൽ നാട്ടുകാരുടെ സജീവസാന്നിധ്യമുണ്ടായി.
സ്വന്തമായി കെട്ടിടംനിർമിക്കാൻ എഴുത്തുകാരൻ അന്തരിച്ച മഠത്തിൽ കെ നൂറുദീൻ 1998ൽ രണ്ടര സെന്റ് സ്ഥലം സൗജന്യമായി നൽകി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് നൽകിയ തുകയിൽ കെട്ടിടം പണിതു. 60–-ാം വാർഷികം വിപുലമായി ആഘോഷിച്ചിരുന്നു. 1952ൽ സ്വാതന്ത്ര്യദിന വിശേഷാൽ പതിപ്പായി പ്രസിദ്ധീകരിച്ച ‘കല' എന്ന കൈയെഴുത്തുമാസിക ഇന്നും കാത്തുസൂക്ഷിക്കുന്നു. അന്തരിച്ച സാഹിത്യകാരൻ നൂറനാട് ഹനീഫിന്റെ നേതൃത്വത്തിലാണ് മാസിക പ്രസിദ്ധീകരിച്ചത്. 50–-ാം വാർഷികത്തിൽ സുവനീറും പ്രസിദ്ധീകരിച്ചു. റഫറൻസ് ഗ്രന്ഥങ്ങളടക്കം പതിനായിരത്തിൽപ്പരം പുസ്‌തകങ്ങളും 30 ആനുകാലികങ്ങളും കംപ്യൂട്ടറുമുണ്ട്. ബാലവേദി, സാക്ഷരതാ സെന്റർ, വനിതാവേദി, വയോജനവേദി എന്നിവയും പ്രവർത്തിക്കുന്നു.
വീടുകളിൽ പുസ്‌തകങ്ങൾ എത്തിക്കുന്നുണ്ട്. പി കെ വി ലാളിത്യത്തിന്റെ ചുവന്ന നക്ഷത്രം, റാവുത്തർമാരുടെ 300 വർഷം, മായാത്ത സ്‌മരണകൾ, പൊലീസ് അക്കാദമിയും പരിശീലനരീതികളും എന്നീ പുസ്‌തകങ്ങൾ ഗ്രന്ഥശാല പ്രസിദ്ധീകരിച്ചു. മിർസാ സലിം പ്രസിഡന്റും പി തുളസീധരൻ സെക്രട്ടറിയും എ ബൈജു ലൈബ്രേറിയനുമാണ്.
നിർമിച്ച ഒന്നാംനില ഉദ്ഘാടനം 15ന്
ജനത ഗ്രന്ഥശാലയുടെ 75-ാം വാർഷികവും ബിനോയ് വിശ്വം എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഒന്നാംനിലയുടെ ഉദ്ഘാടനവും 15ന് വൈകിട്ട് അഞ്ചിന് നടക്കും. മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി, എം എസ് അരുൺകുമാർ എംഎൽഎ തുടങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
Tags
Related News

0 comments