64 ഹരിതകർമസേനാംഗങ്ങൾ മത്സരത്തിന്
പടക്കളത്തിൽ ശുചിത്വസേനയും

ആലപ്പുഴ
ചെങ്ങന്നൂരിൽ നടന്ന സരസ്‌മേളയിൽ ഹരിതകർമസേനാംഗമായ പൊന്നമ്മ അവരുടെ യൂണിഫോമായ ടീഷർട്ടും ധരിച്ച് നടൻ മോഹൻലാലിനെ സ്വീകരിക്കാനെത്തിയ രംഗം കേരളം മറക്കില്ല. മന്ത്രിമാരായ എം ബി രാജേഷും സജി ചെറിയാനും പി പ്രസാദും കലക്‌ടറും അരികെ നിൽക്കെ പൊന്നമ്മയെ മോഹൻലാൽ ചേർത്തുനിർത്തുന്ന ദൃശ്യങ്ങളും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നീട് തുല്യതാ പരീക്ഷയിലൂടെ പ്ലസ്‌ടു വിജയിച്ചപ്പോഴും പൊന്നമ്മ വാർത്തകളിൽ നിറഞ്ഞു. ഇത്തവണ പൊന്നമ്മ തദ്ദേശതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നഗരസഭ മൂന്നാം ഡിവിഷനിൽ എൽഡിഎഫിനായി അങ്കംകുറിക്കുകയാണ്. ജില്ലയിൽ 64 ഹരിതകർമസേനാംഗങ്ങളാണ് വിവിധയിടങ്ങളിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് വിവിധ പാർടികളുടെ സ്ഥാനാർഥികളായി മത്സരിക്കുന്നത്. വൃത്തിയുടെ രാഷ്‌ട്രീയംകൂടി വോട്ടർമാരോട് പറഞ്ഞാണ് ഹരിതകർമസേനാംഗങ്ങളുടെ പോരാട്ടം. നഗരസഭയിലേക്ക് ആറ് പേരും ബ്ലോക്ക് പഞ്ചായത്തിലേക്ക് മൂന്ന് പേരും പഞ്ചായത്ത് വാർഡുകളിലേക്ക് 55 പേരുമാണ് പോരിനിറങ്ങുന്നത്. തലവടി പഞ്ചായത്തിലും കാർത്തികപ്പള്ളിയിലും മാത്രം അഞ്ചുവീതം സ്ഥാനാർഥികൾ ഹരിതകർമസേനാംഗങ്ങളാണ്. മുട്ടാർ പഞ്ചായത്തിൽ നാലുപേർ ഹരിതസേനാംഗങ്ങളാണ്. ചെറിയനാട്, വയലാർ, പുളിങ്കുന്ന്, കോടംതുരുത്ത്, തണ്ണീർമുക്കം പഞ്ചായത്തുകളിൽ മൂന്ന് സ്ഥാനാർഥികളും സേനാംഗങ്ങളാണ്. മാവേലിക്കര, ചേർത്തല, ചെങ്ങന്നൂർ, ഹരിപ്പാട് നഗരസഭകളിൽ ഓരാൾ വീതമുണ്ട്. കായംകുളത്ത് രണ്ടുപേരും മത്സരത്തിനുണ്ട്. ചമ്പക്കുളം, തൈക്കാട്ടുശേരി, ആര്യാട് ബ്ലോക്ക് തലത്തിലും മത്സരിക്കുന്നു. ശുചിത്വത്തിനായി ഉറച്ചശബ്‌ദത്തോടെയാണ് സേനാംഗങ്ങൾ മത്സരത്തിനിറങ്ങുന്നത്.









0 comments