കോൺഗ്രസിൽ ചർച്ച ‘തുടരും’

ആലപ്പുഴ
നിയോജക മണ്ഡലതല കോർ കമ്മിറ്റികൾക്ക് പിന്നാലെ ജില്ലാ കോർ കമ്മിറ്റിയും യോഗം ചേർന്നിട്ടും തീരുമാനമാകാതെ കോൺഗ്രസിലെ സ്ഥാനാർഥി നിർണയം. വേണുഗോപാൽ, ചെന്നിത്തല വിഭാഗങ്ങൾക്കിടയിൽ തർക്കം രൂക്ഷമാകുന്നതാണ് സ്ഥാനാർഥിനിർണയം വൈകുന്നതിന് പിന്നിൽ. പഞ്ചായത്ത് വാർഡുകളിലേക്ക് നിയോജകമണ്ഡലം കോർകമ്മിറ്റികളും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും ജില്ലാ കോർ കമ്മിറ്റിയും യോഗംചേർന്ന് സ്ഥാനാർഥികളെ നിശ്ചയിക്കാനാണ് കെപിസിസി നിർദേശം. വാർഡുകളിൽനിന്ന് ഒറ്റ പേരുമാത്രം നിർദേശമായി എത്തിയാൽ അത് അംഗീകരിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ സ്ഥാനാർഥി നിർണയത്തിലേക്ക് കടന്നപ്പോൾ എല്ലായിടത്തും തർക്കമായി. പ്രബലമായ വേണുഗോപാൽ വിഭാഗം തയ്യാറാക്കിയ പട്ടിക ഏകപക്ഷീയമായി അംഗീകരിക്കപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ചെന്നിത്തല വിഭാഗം ശക്തമായി ചെറുത്തു. ഇതോടെയാണ് കോർകമ്മിറ്റികൾ തീരുമാനമാകാതെ പിരിയേണ്ടിവന്നത്. സ്ഥാനാർഥിത്വം നൽകിയില്ലെങ്കിൽ സ്വന്തംനിലയിൽ മത്സരിക്കുമെന്ന് ഇരുവിഭാഗത്തുനിന്നും ഭീഷണി ഉയരുന്നുണ്ട്. ആലപ്പുഴ നഗരസഭയിൽ 20 സീറ്റിൽ മാത്രമാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. തർക്കം തീരാത്തതിൽ ഘടകകക്ഷികൾക്കും ആശങ്കയുണ്ട്.









0 comments