സേവന പാതയിലെ കരുണാ സാഗരം ബി

കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ കിടപ്പുരോഗികളെ സന്ദർശിക്കുന്നു (ഫയൽ ചിത്രം)
ചെങ്ങന്നൂർ
4560 കിടപ്പുരോഗികൾക്കാണ് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സാന്ത്വന പരിചരണം ഒരുക്കുന്നത്. ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാനാണ് ഈ മഹാദൗത്യത്തിന് നേതൃത്വം നൽകുന്നത്. മണ്ഡലത്തിലെ കിടപ്പുരോഗികൾക്കടക്കം ഗൃഹകേന്ദ്രീകൃത സാന്ത്വന പരിചരണം നൽകാനും ഭക്ഷണവും മരുന്നും വസ്ത്രങ്ങളും ചികിത്സാ ഉപകരണങ്ങളും വീടുകളിലെത്തിച്ച് പരിചരിക്കാനും കരുണയ്ക്ക് കഴിയുന്നുണ്ട്. 36 അംഗ ഡോക്ടർ, നഴ്സ് സംഘവും രണ്ടായിരത്തിലേറെ വളന്റിയർമാരും ആംബുലൻസുകളടക്കം 14 വാഹനങ്ങളും സേവനത്തിലുണ്ട്. അലോപ്പതി, ആയുർവേദ, ഹോമിയോ ഡോക്ടർമാർ രോഗികളുടെ വീടുകളിലെത്തുന്നു. മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് വിപണിയിലും കുറഞ്ഞവിലയ്ക്ക് മരുന്നുനൽകുന്ന കരുണ മെഡിക്കൽ സ്റ്റോറും പ്രവർത്തിക്കുന്നു. എൻഎബിച്ച്, ഐഎസ്ഒ അംഗീകാരം നേടിയ കരുണ ലാബും നഗരത്തിലുണ്ട്. പരിചരണ കേന്ദ്രം പൂർത്തിയാകുന്നു വെൺമണി പഞ്ചായത്തിൽ കൊഴുവല്ലൂർ കോമൻകുളങ്ങരയിലെ കരുണ സെന്ററിൽ കിടപ്പു രോഗികളെ ഏറ്റെടുത്ത് പരിചരിക്കുന്നതിന് ആധുനിക സൗകര്യങ്ങളോടെ പരിചരണ കേന്ദ്രത്തിന്റെ നിർമാണം പൂർത്തീകരണഘട്ടത്തിലാണ്. രണ്ടു കെട്ടിടങ്ങളിലായി നിർമിക്കുന്ന കേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും 50 കിടക്കകൾ വീതം ഉണ്ടാകും. ഏഴായിരം ചതുരശ്ര അടിയിലാണ് നിർമാണം. അനാഥബാല്യങ്ങൾക്ക് ആശ്രയ കേന്ദ്രവും ഓൾഡേജ് ഹോമും നിർമിക്കും. കരുണ ഹോംസ് ഭൂരഹിതരായവരെ കണ്ടെത്തി ഭൂമിയും വീടും നൽകുന്ന കരുണ ഹോംസ് പദ്ധതിയും ആരംഭിച്ചു. നിരാലംബരായ 62 കുടുംബങ്ങൾക്ക് കരുണ വീടുകൾ നിർമിച്ചു നൽകി. നാലു വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. കരുണ സെന്ററിൽ പത്ത് ഏക്കർ കരഭൂമിയും ഏഴ് ഏക്കർ നിലവും വിഷരഹിത ജൈവ പച്ചക്കറികൃഷി കേന്ദ്രമാണ്. മികച്ച ജൈവകൃഷിക്ക് സംസ്ഥാന അവാർഡ് നേടി. സംയോജിത കൃഷിയിലും പരീക്ഷണങ്ങൾ നടപ്പാക്കുന്നു. ചെങ്ങന്നൂർ റെയിൽവേസ്റ്റേഷനു സമീപം ശബരിമല തീർഥാടകർക്ക് വൈദ്യസഹായവും ലഘുഭക്ഷണവും നൽകി ഹെൽത്ത് ഹെൽപ് ഡെസ്ക് ഒൻപത് വർഷമായി പ്രവർത്തിക്കുന്നു. പരുമല പദയാത്രികർക്കായും ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ചും ലഘു ഭക്ഷണവും, മരുന്നുകളും വിതരണം ചെയ്യുന്നു. കരുണ വർക്കിങ് ചെയർമാൻ അഡ്വ. സുരേഷ് മത്തായി, ജനറൽ കൺവീനറായി എൻ ആർ സോമൻ പിള്ള, ട്രഷറർ കെ ആർ മോഹനൻ പിള്ള എന്നിവർ പ്രവർത്തിക്കുന്നു.
Related News

0 comments