"പഠനം മധുരം സുഖദായകം' തുടങ്ങി

ചെങ്ങന്നൂർ
മുളക്കുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ സ്‌കൂളുകളിൽ ‘പഠനം മധുരം സുഖദായകം’ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു. വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ലഹരിവിരുദ്ധ സന്ദേശം, ശുചിത്വം, മഴക്കാല രോഗപ്രതിരോധം ‘കരുതൽ’ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണം നൽകുന്നതിനൊപ്പം കുട്ടികളുടെ സർഗാത്മകശേഷി വർധിപ്പിക്കാൻ കലാ-സാഹിത്യ പരിപാടികളും കായിക പരിശീലനവുമുൾപ്പെടെയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. പഞ്ചായത്തിലെ ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബോധവൽക്കരണം വിവിധ സ്‌കൂളുകളിലും അങ്കണവാടിതലത്തിലും ആരംഭിച്ചു. മുളക്കുഴ ഹയർസെക്കൻഡറി സ്‌കൂളിൽ ചെങ്ങന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എച്ച് റീന ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ സദാനന്ദൻ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ പി പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രമ മോഹൻ, ഡോ. എസ് സുമ, ജെപിഎച്ച് എൻ സജിത എന്നിവർ ക്ലാസെടുത്തു. സ്ഥിരംസമിതി അംഗം സി കെ ബിനുകുമാർ, പ്രഥമാധ്യാപിക ഐ ഗീതാകൃഷ്‌ണ, പ്രിൻസിപ്പൽ ബി അംബിക, പിടിഎ പ്രസിഡന്റ് ബിനി സതീഷ്, വിദ്യാർഥികളായ എസ് ഗൗരിനയന, ദിയ സനൽ, ശ്രീദേവ്, ദേവനാരായണൻ, സഫ്വാൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും ആരോഗ്യ ബോധവൽക്കരണത്തിന്റെ ഭാഗമായി പ്രശ്നോത്തരി, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.
0 comments