Deshabhimani

രോഗികളെ ചേർത്തുപിടിച്ച്‌ ജനറൽ ആശുപത്രി

ആലപ്പുഴ ജനറൽ ആശുപത്രി

ആലപ്പുഴ ജനറൽ ആശുപത്രി പുതിയ ഒ പി ബ്ലോക്ക് (ഫയൽ ചിത്രം)

avatar
സ്വന്തം ലേഖകൻ

Published on May 14, 2025, 12:20 AM | 1 min read

ആലപ്പുഴ

ജനറൽ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നു. ഏപ്രിലിൽ കിടത്തിച്ചികിത്സ തേടിയത്‌ 469 പേർ. കൂടാതെ 48,047 പേർ വിവിധ ഒപി വിഭാഗങ്ങളിലും ചികിത്സതേടി. കൂടുതൽ രോഗികൾക്ക്‌ വിദഗ്‌ധ ചികിത്സ നൽകാനാവുംവിധം സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ ആശുപത്രി മുന്നോട്ടുപോവുകയാണ്‌. സാധാരണക്കാരന്‌ മികച്ച ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ വികസിപ്പിച്ച ആതുരാലയത്തിനെതിരെ ചിലർ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും ഇത്‌ ജനവിരുദ്ധമാണെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. ഏപ്രിലിൽ ഒപി വിഭാഗത്തിൽ എത്തിയ 48,047 രോഗികളിൽ 6330 പേർ അത്യാഹിത വിഭാഗത്തിലാണ്‌ ചികിത്സ തേടിയത്‌. മറ്റ്‌ പ്രധാന വിഭാഗങ്ങളിൽ ചികിത്സയ്‌ക്ക്‌ എത്തിയവർ: മെഡിസിൻ – -5405, നേത്രരോഗം – -4898, ഓർത്തോ – -3448, സർജറി –- 2162, ത്വക്‌രോഗം –- 3091, ഇഎൻടി –- 2245. ഡയാലിസിസിന്‌ പ്രതിദിനം ശരാശരി 27 പേർ എത്തുന്നു. പേവിഷബാധയ്‌ക്കെതിരെ ശരാശരി 60 പേർക്ക്‌ പ്രതിദിനം പ്രതിരോധ കുത്തിവയ്‌പ്‌ നൽകുന്നുണ്ട്‌. ഇതിൽ 12 പേർക്കെങ്കിലും ഇമ്യൂണോ ഗ്ലോബുലിനും നൽകുന്നു. ഏപ്രിലിൽമാത്രം 637 മൈനർ ശസ്‌ത്രക്രിയയും 159 മേജർ ശസ്‌ത്രക്രിയയുംചെയ്‌തു. തിമിര ശസ്‌ത്രക്രിയകൾ 450ലേറെയാണ് ചെയ്‌തത്‌. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ആശുപത്രി ജീവനക്കാർ ഫ്ലാഷ്‌ മോബ്‌ അടക്കമുള്ള കലാപരിപാടികൾ നടത്തുന്നുണ്ട്‌. ഇത്‌ ബോധവൽക്കരണത്തിനുവേണ്ടിയാണ്‌. ദേശീയ ഏജൻസിയായ നാഷണൽ ഹെൽത്ത്‌ സിസ്‌റ്റംസ്‌ റിസോഴ്‌സ്‌ സെന്ററിന്റെ ഗുണനിലവാര മാനദണ്ഡപ്രകാരമാണ്‌ ഔഷധ ഉദ്യാനം, പച്ചക്കറിത്തോട്ടം, ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ, കുട്ടികൾക്ക്‌ കളിസ്ഥലം തുടങ്ങിയവ നടപ്പാക്കിയത്‌. തോട്ടം പരിപാലിക്കാൻ ആശുപത്രി ജീവനക്കാരെ നിയോഗിച്ചിട്ടില്ല. അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ നഗരസഭ ഇതിനായി ആളെ നൽകിയിട്ടുണ്ട്‌. ആശുപത്രി വികസനസമിതി യോഗം 28ന്‌ ചേരും. പഴയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 60 ലക്ഷം രൂപ നഗരസഭ അനുവദിച്ചു. റാമ്പ്‌, സർജിക്കൽ ഐസിയു, ഓപ്പറേഷൻ തിയറ്റർ, ഓടകൾ മൂടുന്ന സ്ലാബ്‌ ഇവയുടെ ജോലികൾ കരാറായി. അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരുന്ന സ്ഥലത്താണ്‌ കഴിഞ്ഞദിവസം കോൺക്രീറ്റ്‌ പാളി അടർന്നുവീണതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home