3393 നിയമലംഘനം, 22.55 ലക്ഷം പിഴ
എറിഞ്ഞ മാലിന്യം ‘വാട്‌സ്‌ആപ്പ് വലയിൽ’


ഫെബിൻ ജോഷി
Published on Mar 27, 2025, 02:30 AM | 1 min read
ആലപ്പുഴ
അശ്രദ്ധമായി മാലിന്യം കൈകാര്യംചെയ്യുന്നത് തടയാൻ തദ്ദേശവകുപ്പ് ആരംഭിച്ച വാട്‌സ്‌ആപ്പ് നമ്പർ പരാതി പരിഹാര സംവിധാനത്തിൽ കുടുങ്ങിയത് 3393 നിയമലംഘനം. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുക, കത്തിക്കുക, ജലാശയങ്ങളിൽ ഒഴുക്കിവിടുക തുടങ്ങിയവ കണ്ടെത്താൻ സെപ്‌തംബർ 21നാണ് ‘9446700800’ എന്ന വാട്‌സ്‌ആപ്പ് നമ്പർ പ്രഖ്യാപിച്ചത്. ഇതുവരെ സംസ്ഥാനത്ത് 5495 പരാതി ലഭിച്ചത്. ആകെ ലഭിച്ചതിന്റെ 61.75 ശതമാനം പരാതികളും സ്വീകരിച്ചു. ഇതിൽ 2795 എണ്ണത്തിൽ നടപടിയെടുത്തു. 22,55,830 രൂപ പിഴ ചുമത്തി. 10,99,850 രൂപ ഇതുവരെ ഈടാക്കി. 17 പേരുടെ മേൽ പ്രോസിക്യൂഷൻ നടപടികളും പുരോഗമിക്കുന്നു. തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളില്ലാത്ത 1686 പരാതി നിരസിച്ചു. 7.21 ശതമാനം പരാതികളിൽ നടപടി പുരോഗമിക്കുന്നു. മാലിന്യമുക്തം നവകേരളം പ്രചാരണത്തിന് ഇൻഫർമേഷൻ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെ ശുചിത്വമിഷനാണ് പദ്ധതി നടപ്പാക്കിയത്. വാട്സ്‌ആപ്പിൽ ലഭിക്കുന്ന പരാതികൾ ലൊക്കേഷൻ മനസിലാക്കി തദ്ദേശസ്ഥാപനത്തിന് കൈമാറുന്ന സാങ്കേതികസംവിധാനമാണ് ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയത്.
0 comments