പഴയ പഞ്ചായത്തുകെട്ടിടം മാലിന്യസംസ്കരണ കേന്ദ്രമാക്കി ; വെങ്ങോലയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ വ്യാപക പ്രതിഷേധം

പെരുമ്പാവൂർ
വെങ്ങോല പഞ്ചായത്ത് ഓഫീസായിരുന്ന പഴയ കെട്ടിടം മാലിന്യസംസ്കരണ കേന്ദ്രമാക്കുന്നതിനെതിരെ വ്യാപകപ്രതിഷേധം. പി പി റോഡിൽ വെങ്ങോല പഞ്ചായത്ത് ഓഫീസിനുസമീപമുള്ള കെട്ടിടത്തിലാണ് മാലിന്യം തള്ളുന്നത്. മാലിന്യസംസ്കരണകേന്ദ്രം സ്ഥാപിച്ചില്ലെങ്കിൽ സംസ്ഥാനഫണ്ട് ലഭിക്കാതെ വരുന്ന അവസ്ഥയിലാണ് താൽക്കാലികമായി പഴയ പഞ്ചായത്തുകെട്ടിടം ഉപയോഗിക്കാൻ കമ്മിറ്റി അംഗീകാരം നൽകിയത്.
യുഡിഎഫ് ഭരണസമിതിയിലെ അധികാരത്തർക്കംമൂലം മാലിന്യസംസ്കരണ കേന്ദ്രം സ്ഥാപിക്കാൻ നടപടി സ്വീകരിച്ചില്ല. സമീപ പഞ്ചായത്തുകളെപ്പോലെ സ്ഥലം കണ്ടെത്തി പുതിയ സംസ്കരണകേന്ദ്രം നിർമിക്കണമെന്നായിരുന്നു തീരുമാനം. വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. 2005 വരെ പഞ്ചായത്ത് ഓഫീസായി പ്രവർത്തിച്ച കെട്ടിടം പിന്നീട് വൈദ്യുതി ഓഫീസിന് നൽകിയിരുന്നു. വെങ്ങോലയിലെ തിരക്കേറിയ ജങ്ഷനിൽത്തന്നെ മാലിന്യസംസ്കരണകേന്ദ്രം നിലനിർത്താനുള്ള ഭരണസമിതിയുടെ തീരുമാനമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
ഒരേക്കർവരുന്ന പഞ്ചായത്ത് ഓഫീസ് വളപ്പിൽ വാണിജ്യപ്രാധാന്യമുള്ള കെട്ടിടം നിർമിച്ച് വരുമാനം വർധിപ്പിക്കണമെന്നാണ് എൽഡിഎഫ് അംഗങ്ങളുടെ അഭിപ്രായം. കഴിഞ്ഞദിവസം എൽഡിഎഫ് നടത്തിയ പ്രതിഷേധത്തിൽ പ്രധാന വിഷയമായിരുന്നു മാലിന്യസംസ്കരണകേന്ദ്രം.
0 comments