കടൽമിഴിയുടെ ചാരുതയിൽ 1.42 കോടിയുടെ റോഡുകൾ തുറന്നു

വൈപ്പിൻ
തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിൽ 1.42 കോടി രൂപ ചെലവഴിച്ചുനിർമിച്ച റോഡുകൾ ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 31.40 ലക്ഷത്തിന്റെ നായരമ്പലം 14–--ാം വാർഡിലെ കളവമ്പാറ റോഡും 1.11 കോടിയുടെ എളങ്കുന്നപ്പുഴ മൂന്ന്, നാല്, ഏഴ് വാർഡുകളിലുൾപ്പെട്ട കർത്തേടം–-പടിഞ്ഞാറെ ആറാട്ടുവഴി റോഡുമാണ് തുറന്നത്. തീരദേശ ജനതയുടെ കലാസാംസ്കാരിക പരിപാടികളുടെ വിളംബരമായ കടൽമിഴി തീരദേശ സർഗയാത്രയുടെ ചെറായിയിലെ വേദിയിലായിരുന്നു റോഡുകളുടെ ഉദ്ഘാടനം. 340 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലുമാണ് കളവമ്പാറ റോഡ് നിർമിച്ചത്. 1350 മീറ്റർ നീളത്തിലും നാലു മീറ്റർ വീതിയിലുമാണ് കർത്തേടം പടിഞ്ഞാറേ ആറാട്ടുവഴി റോഡ് നിർമിച്ചത്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് തീരദേശത്തെ 1633 റോഡ് നിർമാണം പൂർത്തീകരിച്ചതായി സജി ചെറിയാൻ പറഞ്ഞു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.
അസി. എൻജിനിയർ ഷൈനി എബ്രാഹം റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ സാജിത്ത്, നായരമ്പലം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എൻ കെ ബിന്ദു, പി ബി ദൃശ്യമോൾ എന്നിവർ സംസാരിച്ചു.
എസ്എംഎച്ച്എസ്എസിലെ വിദ്യാർഥികളുടെ തിരുവാതിരയോടെയാണ് കടൽമിഴിക്ക് ചൊവ്വാഴ്‌ച തുടക്കമായത്. തുടർന്ന് പരിചമുട്ടുകളി, മാർഗംകളി, ചവിട്ടുനാടകം, പുത്തൻപാന, ദേവാസ്തവു വിളി, വിവിധ നൃത്തരൂപങ്ങൾ എന്നിവ അരങ്ങിലെത്തി. ആബാലവൃദ്ധം ജനങ്ങൾ പരിപാടികൾ ആസ്വദിക്കാനെത്തി.
കടൽമിഴിയുടെ സമാപനദിനമായ ബുധൻ വൈകിട്ട് ആറിന് സാംസ്കാരിക കൂട്ടായ്മ നടക്കും. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
Related News

0 comments