ad
Deshabhimani

കാരണം കണ്ടെത്താതെ അധികൃതർ

കിണർവെള്ളത്തിന്‌ ഡീസൽ മണം; 65 കുടുംബങ്ങൾ ദുരിതത്തിൽ

Petrolium

തൃക്കാക്കര ഭാരതമാതാ കോളേജിന് 
എതിർവശം കൊല്ലംകുടി മുകൾ 
റോഡിലെ സ്കൈലൈൻ പാം ടോപ്പ് ഫ്ലാറ്റിലെ 
കിണറ്റിൽ എണ്ണപ്പാട കെട്ടിക്കിടക്കുന്നു

വെബ് ഡെസ്ക്

Published on Jun 10, 2026, 12:32 AM | 1 min read

​കാക്കനാട്

ഭാരതമാത കോളേജിന് എതിർവശത്ത് കൊല്ലംകുടിമുകൾ റോഡിലെ സ്കൈലൈൻ പാം ടോപ്പ് ഫ്ലാറ്റിലെയും സമീപ വീടുകളിലെയും കിണറുകളിൽ പെട്രോളിയത്തിന്റെ അംശം കലർന്നതായി കണ്ടെത്തി. ഡീസൽ മണത്തിനൊപ്പം വെള്ളത്തിന്റെ മുകളിൽ എണ്ണപ്പാടപോലുള്ള പാളി രൂപപ്പെട്ടിട്ടുണ്ട്‌. ഫ്ലാറ്റ് സമുച്ചയത്തിലെ 65 കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെയാണ് ഇത്‌ ബാധിച്ചിരിക്കുന്നത്. മാസങ്ങളായി തുടരുന്ന പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. മലിനീകരണത്തിന്റെ ഉറവിടവും കണ്ടെത്താനായില്ല. വലിയ തുകയ്‌ക്ക് പുറമെനിന്ന്‌ ടാങ്കർ വെള്ളം വാങ്ങിയാണിപ്പോൾ 
കുടുംബങ്ങൾ ഉപയോഗിക്കുന്നത്‌.


കിണറുകൾ വറ്റിച്ചും ശുചീകരിച്ചും നോക്കിയെങ്കിലും വീണ്ടും ഊറിവരുന്ന വെള്ളത്തിനും ഡീസൽ മണമുണ്ട്‌. ഇതോടെ കിണർവെള്ളത്തിന്റെ സാമ്പിളുകൾ ലാബിൽ പരിശോധിച്ചപ്പോൾ പെട്രോളിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. കലക്ടർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, തൃക്കാക്കര നഗരസഭ എന്നിവിടങ്ങളിലും എംഎൽഎയ്‌ക്കും പരാതി നൽകി. ഫ്ലാറ്റിന് ഏകദേശം 100 മീറ്റർ അകലെയുള്ള പെട്രോൾ പമ്പിലെ ഭൂഗർഭ ടാങ്കുകൾ പരിശോധിച്ചെങ്കിലും ചോർച്ചയില്ലെന്ന്‌ പെട്രോൾ പമ്പ് അധികൃതർ പറഞ്ഞു.


സമീപത്തെ സീപോർട്ട്–എയർപോർട്ട് റോഡരികിലൂടെ കൊച്ചി റിഫൈനറിയിലേക്കും സിയാൽ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കും പെട്രോളിയം, മറ്റു ഇന്ധന പൈപ്പ്‌ലൈനുകൾ പോകുന്നുണ്ട്. ഇതിൽ എവിടെയെങ്കിലും ചോർച്ചയുണ്ടോയെന്ന് കമ്പനികളും വിദ്‌ഗധസംഘവും അടിയന്തരമായി പരിശോധിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കിണർവെള്ളം ഉപയോഗശൂന്യമായതും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവുംകാരണം ചില കുടുംബങ്ങൾ താമസം മാറിയതായും ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ജോർജുകുട്ടി കരയാനപ്പള്ളി, ഭാരവാഹികളായ എം എം ഷിൽജ, ജയചന്ദ്രൻ എന്നിവർ പറഞ്ഞു.


മാസങ്ങളായി തുടരുന്ന പ്രശ്നത്തിന് 
 ഇതുവരെ പരിഹാരമായിട്ടില്ല



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home