നഗരസഭ ചെയ്യേണ്ട ജോലികൾ സർക്കാർ ഏറ്റെടുക്കേണ്ടിവരുന്നു: മന്ത്രി പി രാജീവ്

കളമശേരി
സംസ്ഥാനത്തെ ഉയർന്ന വരുമാനമുള്ള നഗരസഭയായിട്ടുപോലും കളമശേരിയുടെ അടിസ്ഥാനപ്രശ്നങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പരിഹരിക്കേണ്ടിവരുന്ന സ്ഥിതിയാണുള്ളതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സൗത്ത് കളമശേരിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്നുപതിറ്റാണ്ട് യുഡിഎഫ് നഗരസഭ ഭരിച്ചിട്ടും പൊട്ടച്ചാൽ, മൂലേപ്പാടം പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഒന്നും ചെയ്‌തിട്ടില്ല.
സ്ഥലം എംഎൽഎ എന്ന നിലയിൽ മുൻകൈ എടുത്താണ് 14.5 കോടി രൂപ ചെലവിൽ റീബിൽഡ് പൊട്ടച്ചാൽ പദ്ധതിയും 3.5 കോടി രൂപ ചെലവിൽ മൂലേപ്പാടത്തെ പുഷ് ത്രൂ കനാലും യാഥാർഥ്യമാക്കിയത്. കളമശേരി നഗരസഭയിൽ മാത്രം സംസ്ഥാന സർക്കാർ മുടക്കിയത് 3353 കോടി രൂപയാണ്. ജുഡീഷ്യൽ സിറ്റി, ക്യാൻസർ റിസർച്ച് സെന്റർ, മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, സീപോർട്ട് എയർപോർട്ട് റോഡ്, 18 മീറ്റർ വീതിയിൽ എൻഎഡി റോഡ് നവീകരണം തുടങ്ങിയവയും ഇതിൽ ഉൾപ്പെടും.
ഇതിനെല്ലാം ആവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കേണ്ടത് കളമശേരി നഗരസഭയാണ്. എന്നാൽ, വികസനത്തോട് മുഖംതിരിഞ്ഞുനിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
സർക്കാരിനൊപ്പം നിൽക്കുന്ന ഭരണസമിതിയാണ് ഉണ്ടാകേണ്ടതണ്ടെന്നും അതിനായി ഇടതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും രാജീവ് പറഞ്ഞു. സമാപന പൊതുയോഗത്തിൽ സിപിഐ മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം എസ് രമേശൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത്, ഏരിയ സെക്രട്ടറി കെ ബി വർഗീസ്, എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി വി എ സക്കീർ ഹുസൈൻ, കൺവീനർ എ എം ജമാൽ, എൽഡിഎഫ് നേതാക്കളായ ആർ ബി അൻവർ, കെ ജെ സെബാസ്റ്റ്യൻ, പി കെ സുരേഷ്, സി എസ് എ കരീം, എ എം യൂസഫ് തുടങ്ങിയവർ സംസാരിച്ചു.









0 comments