Deshabhimani

അന്ന്‌ നടന്നുപോയി; 
മൊഴി നൽകാനെത്തിയത്‌ ആംബുലൻസിൽ

യുഡിഎഫിന്റെ ആ നാടകവും 
പൊളിഞ്ഞു ; ദൃശ്യങ്ങൾ പുറത്ത്‌

kala

കലാ രാജു പൊലീസുകാർക്കൊപ്പം വീട്ടിൽനിന്ന് നടന്നുപോകുന്നു

വെബ് ഡെസ്ക്

Published on Jan 23, 2025, 01:24 AM | 3 min read


കൂത്താട്ടുകുളം

കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കല രാജുവിനെ സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചെന്ന യുഡിഎഫ്‌ നാടകവും ദയനീയമായി പൊളിഞ്ഞു. കലയെ ആക്രമിച്ചതായി യുഡിഎഫ്‌ പ്രചരിപ്പിക്കുന്ന ദിവസം വൈകിട്ടുവരെ ഇവർ പൂർണ ആരോഗ്യത്തോടെ നടക്കുന്നതും സംസാരിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണിത്‌.


അവിശ്വാസപ്രമേയം പരിഗണക്കാനിരുന്ന 18ന്‌ കലയെ സിപിഐ എം പ്രവർത്തകർ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നായിരുന്നു യുഡിഎഫിന്റെ പ്രചാരണം. അന്നേദിവസം സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ ചുറുചുറുക്കോടെ സംസാരിക്കുന്ന ദൃശ്യങ്ങളാണ്‌ പുറത്തുവന്നത്‌. വൈകിട്ട്‌ സ്വന്തം വീട്ടിൽനിന്ന്‌ നടന്ന്‌ പൊലീസ്‌ വാഹനത്തിൽ കയറി ആശുപത്രിയിൽ പോകുന്ന ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും നടത്തിയ പ്രചാരണം തകർന്നു. 18ന്‌ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന്‌ മറ്റുള്ളവർക്കൊപ്പം ഇറങ്ങുമ്പോൾ കലയ്‌ക്ക്‌ ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നു. മാധ്യമങ്ങളും ഈ സമയം അവിടെയുണ്ടായിരുന്നു. വീട്ടിലെത്തിയശേഷവും ആരോഗ്യപരമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചില്ല. വൈകിട്ട്‌ കൂത്താട്ടുകുളം ഗവ. ആശുപത്രിയൽ നടന്ന വൈദ്യപരിശോധനയിലും പരിക്കുകളോ അസുഖങ്ങളോ റിപ്പോർട്ട്‌ ചെയ്‌തിരുന്നില്ല.


kala


അന്ന്‌ നടന്നുപോയി; 
മൊഴി നൽകാനെത്തിയത്‌ ആംബുലൻസിൽ

അവിശ്വാസപ്രമേയം പരിഗണിക്കാനിരുന്ന ദിനത്തിൽ വൈകിട്ടുവരെ പൂർണ ആരോഗ്യത്തോടെ നാട്ടുകാർക്കും മാധ്യമങ്ങൾക്കുമുന്നിലും പ്രത്യക്ഷയായ കല രാജു ബുധനാഴ്‌ച മൊഴി നൽകാനെത്തിയത്‌ ആംബുലൻസിൽ. കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകാനെത്തിയതായിരുന്നു അവർ. 18ന്‌ വൈകിട്ടുവരെ ആരോഗ്യപ്രശ്‌നങ്ങൾ പ്രകടിപ്പിക്കാതിരുന്ന ഇവർ യുഡിഎഫ്‌ തിരക്കഥപ്രകാരം കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ ആംബുലൻസിൽ എത്തിയുള്ള മൊഴി നൽകലും.


കലാ രാജുവിന് കോൺഗ്രസ് നേതാക്കളുടെ സഹായവാഗ്ദാനം

കോൺഗ്രസ് നേതാക്കൾ സഹായം വാഗ്ദാനം നൽകിയെന്ന് കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജു വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ഇവരെ തട്ടിക്കൊണ്ടുപോയെന്ന്‌ മാധ്യമങ്ങളും പൊലീസും ആരോപിക്കുന്ന സംഭവത്തിൽ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹകൗൺസിലർമാർക്കൊപ്പം ഓഫീസിലെത്തിയ കല വളരെ സന്തോഷവതിയായാണ് സംസാരിക്കുന്നത്. ബാങ്ക് കാര്യത്തിൽ യുഡിഎഫ് സഹായിക്കാമെന്നും ജനുവരി 15 മുതൽ 18 വരെ ഫോൺ ഓഫ് ചെയ്തത്‌ മനഃപൂർവമാണെന്നും ഇവർ പറയുന്നതായി പുറത്തുവന്ന വീഡിയോയിലുണ്ട്.


ഏരിയ കമ്മിറ്റി ഓഫീസിൽ വളരെ സൗഹൃദാന്തരീക്ഷത്തിലാണ് കല ഉൾപ്പെടെയുള്ള കൗൺസിലർമാർ ഒരു പകൽ തങ്ങിയത്. എൽഡിഎഫിന്റെയും സിപിഐ എമ്മിന്റെയും തീരുമാനം കലാ രാജുവിനെ അറിയിക്കുകയും ആ തീരുമാനം അവർ അംഗീകരിക്കുകയും ചെയ്തശേഷമാണ് നേതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്.


കലയുടെ തുറന്നുപറച്ചിലിലൂടെ പുറത്തുവന്ന കാര്യങ്ങൾ സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. കുതിരക്കച്ചവടം നടന്നുവെന്നതാണ് കലയുടെ തുറന്നുപറച്ചിലിലൂടെ വ്യക്തമാക്കുന്നത്. കലാ രാജു വോട്ട് ചെയ്യാൻ വന്നപ്പോൾ മക്കളെ കോൺഗ്രസ് ഗുണ്ടകൾ തടഞ്ഞുവച്ചു.മാത്യു കുഴൽനാടൻ എംഎൽഎയാണ് ഇതിന് ചുക്കാൻപിടിച്ചതെന്നും സിപിഐ എം വ്യക്തമാക്കി.


13ന് നടന്ന പാർലമെന്ററി പാർടി യോഗത്തിൽ പങ്കെടുത്ത കല, 15 മുതൽ 18 വരെ കോൺഗ്രസ് നേതാക്കളുടെ തടങ്കലിലായിരുന്നു. അവിശ്വാസപ്രമേയ ദിവസം കോൺഗ്രസ് കൗൺസിലർമാരായ ലിസി ജോസ്, മരിയ ഗൊരേത്തി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ എന്നിവർക്കൊപ്പം കാറിലാണ് കലാ രാജു നഗരസഭയിൽ എത്തിയത്.


അറസ്‌റ്റ്‌ പേടി; പ്രാദേശിക നേതാക്കൾ മുങ്ങി

കൂത്താട്ടുകുളത്തെ ആക്രമണങ്ങളിൽ പൊലീസ് അന്വേഷണം പുരോഗമിച്ചതോടെ യുഡിഎഫ് പ്രാദേശിക നേതാക്കൾ ഒളിവിൽ. നഗരസഭാ അധ്യക്ഷയെയും സ്‌റ്റേഷനിൽ പൊലീസുകാരെയും ആക്രമിക്കാൻ അനൂപ്‌ ജേക്കബ്‌ എംഎൽഎക്കും മുഹമ്മദ്‌ ഷിയാസിനുമൊപ്പം കൂടിയവരാണ്‌ അറസ്‌റ്റ്‌ പേടിച്ച്‌ മുങ്ങിയത്‌.


സ്റ്റേഷൻ അക്രമത്തിന്റെ ദൃശ്യങ്ങൾ കണ്ട് ജാമ്യമില്ലാവകുപ്പുകൾ ചേർത്തതോടെ എല്ലാ നേതാക്കളും പ്രതിപ്പട്ടികയിലായി. ആക്രമണം നടന്ന 18നുശേഷം കൂത്താട്ടുകുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓഫീസ് തുറന്നിട്ടില്ല. ഖദറിട്ട ഒരാളെപ്പോലും കാണാനില്ലെന്ന ട്രോളുകളും ഇറങ്ങിത്തുടങ്ങി. പിറവം, കൂത്താട്ടുകുളം നഗരസഭകളിലെയും സമീപ പഞ്ചായത്തുകളായ പാലക്കുഴ, ഇലഞ്ഞി, തിരുമാറാടി, രാമമംഗലം, എടയ്ക്കാട്ടുവയൽ എന്നിവിടങ്ങളിലെയും കോൺഗ്രസ് നേതാക്കളുടെ ഫോണുകളും സ്വിച്ച്‌ ഓഫായി.


വസ്‌തുത ജനങ്ങളെ ബോധ്യപ്പെടുത്തും: 
സി എൻ മോഹനൻ

കൂത്താട്ടുകുളം നഗരസഭയിലെ എൽഡിഎഫ്‌ ഭരണം അട്ടിമറിക്കാൻ കൗൺസിലർ കലാ രാജുവിനെ മുന്നിൽനിർത്തി യുഡിഎഫ്‌ നടത്തിയ നാടകത്തിന്റെ വസ്‌തുത ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ്‌ തയ്യാറാക്കിയ തിരക്കഥയാണ്‌ കലാ രാജു പറഞ്ഞുകൊണ്ടിരിക്കുന്നത്‌. പുറത്ത്‌ പ്രചരിക്കുന്നതിലേറെ പ്രശ്‌നങ്ങൾ കൗൺസിലർക്കുണ്ടെന്ന്‌ അറിയാം.


അതുകൊണ്ടാണ്‌ ഇപ്പോഴും വ്യക്തിപരമായി കുറ്റപ്പെടുത്താത്തത്‌. അവരെ ഉപയോഗിച്ച്‌ നഗരസഭാഭരണം അട്ടിമറിക്കാൻ യുഡിഎഫ്‌ നടത്തിയ നാണംകെട്ട നടപടികൾ ജനങ്ങളെ നേരിൽ ബോധ്യപ്പെടുത്തുമെന്നും സി എൻ മോഹനൻ വ്യക്തമാക്കി.


കലാ രാജു സഹകരണ ബാങ്കിൽനിന്നെടുത്ത വായ്‌പകൾ ബാധ്യതയായി മാറിയതുമായി ബന്ധപ്പെട്ട്‌ പാർടിക്ക്‌ കത്തു നൽകിയിരുന്നു. കത്തിൽ പറഞ്ഞ കാര്യങ്ങൾ പാർടിമാത്രം ആലോചിച്ച്‌ പരിഹരിക്കാവുന്നതായിരുന്നില്ല. അതുസംബന്ധിച്ച്‌ ചർച്ചകൾ നടക്കുന്നതിനിടെയാണ്‌ എംഎൽഎമാരായ മാത്യു കുഴൽനാടനും അനൂപ്‌ ജേക്കബും ചേർന്ന്‌ നാണംകെട്ട കുതിരക്കച്ചവടത്തിനിറങ്ങിയത്‌. അത്‌ പൊളിഞ്ഞതിന്റെ ജാള്യത്താലാണ്‌ തട്ടിക്കൊണ്ടുപോകൽ കഥയിറക്കിയത്‌.


കലാ രാജു ആദ്യം പറഞ്ഞതൊന്നുമല്ല പിന്നീട്‌ പറഞ്ഞത്‌. ഇനിയും പലതും മാറ്റിപ്പറയും. അവരിപ്പോൾ ആശുപത്രിയിലാണെങ്കിലും കോൺഗ്രസുകാരുടെ കസ്‌റ്റഡിയിലാണ്‌–- സി എൻ മോഹനൻ പറഞ്ഞു.





deshabhimani section

Related News

0 comments
Sort by

Home