അകക്കണ്ണിന്റെ വെളിച്ചത്തിൽ കെ ആർ മനോജിന് മിന്നുംവിജയം

കിഴക്കമ്പലം
അകക്കണ്ണിന്റെ വെളിച്ചത്തിൽ കെ ആർ മനോജ് നേടിയത് പത്തരമാറ്റ് വിജയം. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ വൺ നേടിയ കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയായ മനോജാണ് അതുല്യവിജയം കൊയ്തത്.
സഹായിയെ കൂടാതെ ലാപ്ടോപ്പിന്റെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്. ഇതിനായി പ്രത്യേക അനുമതി വാങ്ങി. കൂടാതെ ബിസിനസ് സ്‌റ്റഡീസിലും ഇൻഫോർമാറ്റിക് പ്രാക്ടീസിലും നൂറിൽ നൂറുമാർക്കും നേടി. കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും പൂർണപിന്തുണ നൽകി.
ഒന്നുമുതൽ പത്തുവരെ ആലുവ കീഴ്‌മാട് ബ്ലൈൻഡ് സ്കൂളിലായിരുന്നു പഠനം. ക്ലാസിൽ മൊബൈൽ ഫോണിന്റെ സഹായത്തോടെ നോട്ടുകൾ കുറിച്ചെടുക്കുന്ന രീതിയായിരുന്നു മനോജിന്റേത്. അച്ഛൻ ആർ രമേലും അമ്മ സുധയും സഹോദരൻ അർജുനനും സഹായത്തിനായി എപ്പോഴും ഒപ്പമുണ്ട്.
0 comments