Deshabhimani

സാക്ഷി പറഞ്ഞതിൽ വിരോധം ; ലഹരി മാഫിയാസംഘം യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു

goons attack
വെബ് ഡെസ്ക്

Published on Jan 23, 2025, 01:19 AM | 1 min read


പറവൂർ

പൊലീസിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധംമൂലം ലഹരിമാഫിയ സംഘാംഗങ്ങളായ സഹോദരങ്ങൾ വീടുകയറി ആക്രമിച്ചു. കൂട്ടുകാട് മുട്ടിക്കൽ അനീഷിന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. രണ്ട് കുട്ടികളടക്കം നാലുപേർക്ക് പരിക്കുപറ്റി. ഇവർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ബുധൻ രാവിലെ 8.30നാണ്‌ സംഭവം.


കൂട്ടുകാട് വെങ്ങണത്ത് ലിജോയും സഹോദരൻ ജോജിയുമാണ്‌ ആക്രമണം നടത്തിയത്‌. അനീഷിന്റെ വീട്ടിലെത്തിയ ലിജോ വാക്കുതർക്കമുണ്ടാക്കുകയും മർദിക്കുകയുമായിരുന്നു. ഇതുകണ്ട് അനീഷിന്റെ ഭാര്യ ചിഞ്ചുവും മക്കളും ബഹളംവച്ചതോടെ തിരികെപ്പോയി സഹോദരൻ ജോജിക്കൊപ്പം വീണ്ടുമെത്തി. കമ്പിവടി, കത്രിക, കത്തി തുടങ്ങിയ ആയുധങ്ങളും കൈയിൽ കരുതിയിരുന്നു. അമ്മ ലിസി ജോസഫും ഒപ്പമെത്തി. അനീഷിന്റെ വീടിന്റെ ഗേറ്റ് തകർത്ത്‌ കോമ്പൗണ്ടിൽ പ്രവേശിച്ച ഇവർ ജനൽച്ചില്ല് തകർത്തു. തുടർന്ന് അനീഷിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് കമ്പിവടികൊണ്ട് അടിച്ചു. ലിസി ജോസഫ്‌ അനീഷിനെ പിന്നിൽനിന്ന്‌ ചവിട്ടിവീഴ്‌ത്തി. തടയാൻവന്ന ഭാര്യയെയും മക്കൾ എൽനാ മരിയ, എനോഷ് എന്നിവരെയും മർദിച്ചു. ലിസി ജോസഫടക്കം മൂന്നുപേർക്കെതിരെ വടക്കേക്കര പൊലീസ്‌ കേസെടുത്തു.


കൂട്ടുകാട് പ്രദേശത്ത് ലഹരിമരുന്ന് വിൽപ്പന നടത്തുന്നവരാണ്‌ ലിജോയും സഹോദരനും. അനീഷിന്റെ സുഹൃത്ത്‌ ആന്റണി ഇത്‌ ചോദ്യംചെയ്തു. ഇതേത്തുടർന്ന്‌ കഴിഞ്ഞ 13ന്‌ ലിജോയും ജോജിയുംചേർന്ന് ആന്റണിയെ മർദിച്ചു. നടുവിന് പരിക്കേറ്റ ആന്റണി, പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. ഈ കേസിൽ അനീഷ് സാക്ഷി പറഞ്ഞു. ഇതിന്റെ വിരോധത്തിലാണ് വീടുകയറിയുള്ള ആക്രമണമെന്ന് അനീഷ് പറഞ്ഞു. ആന്റണിയെ മർദിച്ച സംഭവത്തിൽ മൊഴിയെടുക്കാൻ വടക്കേക്കര പൊലീസ് വൈകിയെന്നും ഇപ്പോഴും കേസെടുത്തിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.



deshabhimani section

Related News

0 comments
Sort by

Home