പാചകവാതക വിലവർധന
ഹോട്ടലുകൾ പ്രതിസന്ധിയിൽ


സ്വന്തം ലേഖകൻ
Published on May 04, 2026, 01:56 AM | 1 min read
കൊച്ചി
ഹോട്ടൽ–കാറ്ററിങ് മേഖലയെ അടച്ചുപൂട്ടലിലേക്ക് തള്ളിവിട്ട് പാചകവാതക വിലവർധന. തെരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ വാണിജ്യ പാചകവാതക സിലിണ്ടർ വില കുത്തനെകൂട്ടിയ കേന്ദ്ര സർക്കാർനടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. മെയ് ഒന്നിന് ഒറ്റയടിക്ക് 993 രൂപ കൂട്ടിയതോടെ സിലിണ്ടർ വില 3085 രൂപയിലെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ജനുവരിമുതൽ 19 കിലോ വാണിജ്യ സിലിണ്ടറിന് 1498 രൂപയാണ് വർധിപ്പിച്ചത്.
കഴിഞ്ഞവർഷം ഡിസംബറിൽ 1724 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. ജനുവരിയിൽ 111 രൂപയും ഫെബ്രുവരിയിൽ 49 രൂപയും മാർച്ചിൽ 144 രൂപയും ഏപ്രിലിൽ 201.50 രൂപയും കൂട്ടി. ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതലായി ഉപയോഗിക്കുന്ന ഛോട്ടുഗ്യാസിന് 261 രൂപയും കൂട്ടിയതോടെ ആർക്കും രക്ഷയില്ലെന്ന സ്ഥിതിയാണ്.
സ്വകാര്യ ഗ്യാസ് ഏജൻസികളിൽനിന്ന് ഇരട്ടിയിലേറെ വില നൽകിയാണ് പല ചെറുകിട കടയുടമകളും തട്ടുകടക്കാരും സിലിണ്ടർ വാങ്ങുന്നത്. സിലിണ്ടറുകൾ കിട്ടാതായതോടെ അമിതവില നൽകി കരിഞ്ചന്തയെ ആശ്രയിക്കാനും നിർബന്ധിതരായി. 19 കിലോ വാണിജ്യ സിലിണ്ടറുകൾക്കുപകരം, 14–16 കിലോമാത്രം ഗ്യാസ് നിറച്ചവയ്‌ക്ക് 2400 മുതൽ 3000 രൂപവരെയാണ് കരിഞ്ചന്തക്കാർ ഈടാക്കിയിരുന്നത്. ആ വില നൽകിയാലും മതിയാകില്ലെന്ന സ്ഥിതിയാണ്.
നിലവിൽ ചായ, കാപ്പി, ചെറുകടികൾ എന്നിവയ്‌ക്കെല്ലാം വിലകൂട്ടി. ഉൗണിനും മറ്റ് ഭക്ഷണവിഭവങ്ങൾക്കും വിലകൂടുമെന്ന സാഹചര്യമാണിപ്പോൾ. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന തൊഴിലാളികൾ, ചെറുശന്പളക്കാരായ ജീവനക്കാർ എന്നിവർക്ക് ഇതോടെ പിടിച്ചുനിൽക്കാൻ കഴിയില്ല. കുടുംബബജറ്റും താളംതെറ്റുന്ന അവസ്ഥയിലാണ്.
കേന്ദ്രം അടുപ്പ് കെടുത്തുന്നു; തകർച്ചയിലേക്ക് ഹോട്ടൽ മേഖല
കാറ്ററിങ് മേഖലയും പ്രതിസന്ധിയിൽ
പാചകവാതക വിലവർധന കാറ്ററിങ് മേഖലയെയും പ്രതിസന്ധിയിലാക്കി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുത്തനെ വർധിച്ചതോടെ കാറ്ററിങ് സ്ഥാപനങ്ങളുടെ അടുക്കളകൾ അടച്ചിടേണ്ട അവസ്ഥയിലാണ്. ചെറുകിട, ഇടത്തരം, വലിയ കാറ്ററിങ് യൂണിറ്റുകളെയെല്ലാം സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ബദൽമാർഗമെന്ന നിലയിൽ കാറ്ററിങ് സ്ഥാപനങ്ങളും ഗ്രാമീണ മേഖലയിലെ ഹോട്ടലുകാരും വിറക് ഉപയോഗിക്കുന്നുണ്ട്. നഗരത്തിൽ ചില ഹോട്ടലുകൾ കെട്ടിടത്തോട് ചേർന്ന് താൽക്കാലികമായി വിറകടുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യം വർധിച്ചതോടെ വിറകിന്റെ വില കൂട്ടിയതും പ്രതിസന്ധി രൂക്ഷമാക്കി.










0 comments