കാറ്ററിങ് വിഭവങ്ങൾക്ക് വിലകയറും; സദ്യ പൊള്ളും

സ്വന്തം ലേഖിക
Published on May 09, 2026, 02:40 AM | 1 min read
കൊച്ചി
പാചകവാതക വിലവർധനയ്‌ക്ക് പിന്നാലെ ഭക്ഷണ വിഭവങ്ങളുടെയാകെ വിലവർധിപ്പിക്കാനൊരുങ്ങി കാറ്ററിങ് മേഖല. 30 ശതമാനംവരെ വർധനയുണ്ടാകുമെന്ന് കേരള കാറ്ററേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. വിവാഹം ഉൾപ്പെടെ വിശേഷാവസരങ്ങളിൽ 1000 പേർക്ക് പച്ചക്കറിസദ്യ വിളന്പാൻ നിലവിലുള്ളതിനെക്കാൾ ഒരു ലക്ഷം രൂപയോളവും കോഴി ബിരിയാണിക്ക് അരലക്ഷവും അധികചെലവ് വരും.
കാറ്ററിങ് സ്ഥാപനങ്ങളിലടക്കം വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ പാചകവാതക സിലിണ്ടറിന് കേന്ദ്രസർക്കാർ ഇൗ മാസം 993 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇൗ വർഷത്തെ ആദ്യനാല് മാസത്തിൽ മാത്രം ആകെ 1140 രൂപ വർധിപ്പിച്ചു. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ വാണിജ്യ സിലിണ്ടർ വിതരണത്തിൽ കടുത്ത നിയന്ത്രണം നിലനിൽക്കെയാണ് ഇരുട്ടടിയായി കൊടും വിലവർധനയുണ്ടായത്. ഇതിനെതിരെ വാണിജ്യ സിലിണ്ടർ ഉപയോക്താക്കളുടെ നേതൃത്വത്തിൽ ശക്തമായ സമരം രാജ്യവ്യാപകമായി തുടർന്നിട്ടും കേന്ദ്രസർക്കാർ വിലവർധന പിൻവലിക്കാനോ ആശ്വാസനടപടികൾക്കോ തയ്യാറായിട്ടില്ല.
പെട്രോളിനും ഡീസലിനും വില വർധിക്കുമെന്ന് പ്രചാരണം ആരംഭിച്ചതോടെ അവശ്യസാധനങ്ങളുടെ വിലയും വർധിച്ചത് പ്രതിസന്ധി ഇരട്ടിയാക്കി. ഇൗ അവസ്ഥയിൽ ഭക്ഷ്യവിഭവങ്ങൾക്ക് 30 ശതമാനം വില വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് കേരള കാറ്ററേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി പ്രിൻസ് ജോർജ് പറഞ്ഞു. അടുത്ത ദിവസം ചേരുന്ന യോഗത്തിൽ ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പച്ചക്കറി സദ്യയൊന്നിന് നിലവിൽ 300 രൂപയും കോഴി ബിരിയാണിക്ക് 150 രൂപയുമാണ്. സംസ്ഥാനത്ത് അംഗീകൃത ലൈസൻസുള്ള 3500-ഓളം യൂണിറ്റുകൾക്ക് പുറമെ കുടുംബശ്രീ കൂട്ടായ്മകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ചെറുകിട യൂണിറ്റുകളും കാറ്ററിങ് മേഖലയിലുണ്ട്. ഇവർ വിലവർധനയ്‌ക്ക് മുന്പായി എടുത്ത ഓർഡറുകൾ നഷ്‌ടം സഹിച്ച് നൽകേണ്ട അവസ്ഥയിലാണ്.
പാചകവാതകത്തിന് വില വർധിച്ചതോടെ വിറകടുപ്പിലേക്ക് മാറിയവരും പ്രതിസന്ധിയിലാണ്. വിറകടുപ്പിന് ഗ്യാസ് അടുപ്പിനെ അപേക്ഷിച്ച് ഉൽപ്പാദനക്ഷമത കുറവാണെന്ന് കാറ്ററിങ് ഉടമ കെ എ മാർട്ടിൻ പറഞ്ഞു. ആവശ്യമുള്ളപ്പോൾ മാത്രം പ്രവർത്തിപ്പിക്കാനുമാകില്ല. വിറകിനും വില കയറുകയാണ്. കാലങ്ങളായി പാചകവാതകം ഉപയോഗിക്കുന്ന തൊഴിലാളികൾക്ക് വിറകടുപ്പ് ഫലപ്രദമായി ഉപയോഗിക്കാനറിയില്ലെന്നും അദ്ദേഹം പറഞ്ഞു.










0 comments