വീടിന് തീപിടിച്ചു; കത്തിച്ചതെന്ന് സംശയം

വൈപ്പിൻ
വളപ്പ് ഓൾഡ് പഞ്ചായത്ത് റോഡിൽ കാർമൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനടുത്ത് വീട് കത്തിനശിച്ചു. ചൊവ്വ പുലർച്ചെ ഒന്നോടെയാണ് സംഭവമെന്ന് വീട്ടുടമ ചൂതംപറമ്പിൽ ജോൺസൺ പറഞ്ഞു. പ്ലാസ്റ്റിക് കത്തുന്ന മണം വന്ന് ഉണർന്ന് പുറത്തിറങ്ങിയപ്പോൾ ആരോ ഓടിപ്പോകുന്നത് കണ്ടതായി ജോൺസൺ പറഞ്ഞു.
അഗ്നിരക്ഷാസേനയെയും പൊലീസിനെയും ഉടനെ വിവരമറിയിച്ചു. ഉടൻ മാലിപ്പുറത്തുനിന്ന് അഗ്നിരക്ഷാസേന എത്തി. അവരും നാട്ടുകാരുംകൂടി തീയണച്ചു.
ജോൺസന്റെ അമ്മ ചിന്നമ്മ, ഭാര്യ ഫിനി, മകൾ സാനിയ എന്നിവർ വീട്ടിലുണ്ടായിരുന്നു. എല്ലാവരും ഉടൻ പുറത്തേക്കോടിയതിനാൽ ആർക്കും പൊള്ളലേറ്റില്ല. എന്നാൽ, ജോൺസന്റെ കാൽപ്പാദത്തിൽ ചെറിയ പൊള്ളലുണ്ട്. വീടിനുചുറ്റും പെട്രോൾപോലുള്ള എന്തോ ഒഴിച്ച് തീ കൊടുത്തതാണെന്നാണ് കരുതുന്നത്.
ജ്യോതിലാബിന്റെ ഉൽപ്പന്നങ്ങളുടെ വിതരണക്കാരനാണ് ജോൺസൺ. വീടിനോട് ചേർന്നുതന്നെ അതിന്റെ ഗോഡൗൺ ഉണ്ടെങ്കിലും അങ്ങോട്ട് തീപടർന്നില്ല. സ്വന്തം പെട്ടിഓട്ടോയിലാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം 23ന് നായരമ്പലത്ത് പഴയ സബ് ട്രഷറിക്കുസമീപം ബൈക്കിലെത്തിയ രണ്ടുപേർ തന്റെ വാഹനം തടഞ്ഞുനിർത്തി ഇരുമ്പുവടിക്ക് അടിച്ചതായി ജോൺസൺ പറഞ്ഞു. രാത്രിയിലായിരുന്നു സംഭവം. തുടർന്ന് ഞാറക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, അക്രമികളെ കണ്ടെത്താനായില്ല. അതിന്റെ തുടർച്ചയാണ് തീവയ്പും എന്നാണ് ജോൺസൺ കരുതുന്നത്.
വീടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർട്ടിഫിക്കറ്റുകളും വസ്‌ത്രങ്ങളും കത്തിപ്പോയി. രണ്ട് കംപ്യൂട്ടറും രണ്ട് പ്രിന്ററും മൊബൈൽഫോണും കത്തിനശിച്ചു.
മുനമ്പം ഡിവൈഎസ്‌പി, ഞാറക്കൽ സിഐ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി. ഫോറൻസിക് വിദഗ്‌ധരും തെളിവെടുപ്പു നടത്തി. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ വീട് സന്ദർശിച്ച് ജോൺസനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു.
Related News

0 comments