എറണാകുളം ജില്ലാപഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ; നയിക്കാൻ കരുത്തുറ്റ നിര

കൊച്ചി
എറണാകുളം ജില്ല പഞ്ചായത്തിലെ എൽഡിഎഫിന്റെ 23 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എം– 19, സിപിഐ– നാല് എന്നിങ്ങനെയാണ് പ്രഖ്യാപിച്ചത്. ആകെ 28 ഡിവിഷനുകളിൽ അഞ്ചിടത്തെ സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. സിപിഐ എം സ്ഥാനാർഥികളെ ജില്ലാ സെക്രട്ടറി എസ് സതീഷും സിപിഐ സ്ഥാനാർഥികളെ ജില്ലാ സെക്രട്ടറി എൻ അരുണുമാണ് പ്രഖ്യാപിച്ചത്. സിപിഐയുടെ ഒരു സ്ഥാനാർഥിയെയും കേരള കോൺഗ്രസ് എം, കോൺഗ്രസ് എസ്, കേരള കോൺഗ്രസ് ബി എന്നിവരുടെ സ്ഥാനാർഥികളെയുമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
സിപിഐ എമ്മിന്റെ 19 സ്ഥാനാർഥികളിൽ 11 പേരും സ്‌ത്രീകളാണ്. കോലഞ്ചേരി ഡിവിഷൻ സ്ഥാനാർഥി എം വി നിതമോൾ ട്വന്റി 20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിലെ മുൻ പ്രസിഡന്റാണ്. ട്വന്റി 20യുടെ ജനാധിപത്യവിരുദ്ധ പ്രവർത്തനത്തോട് വിടപറഞ്ഞാണ് പ്രസിഡന്റ്‌സ്ഥാനം രാജിവച്ച് എൽഡിഎഫിനൊപ്പം ചേർന്നത്. മുളന്തുരുത്തി ഡിവിഷനിൽ മത്സരിക്കുന്ന നിയമവിദ്യാർഥിനിയായ 22 വയസ്സുകാരി ആൻ സാറ ജോൺസണാണ് ഏറ്റവും പ്രായം കുറഞ്ഞയാൾ.
നിലവിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ആറുപേരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രണ്ടുപേരും പട്ടികയിലുണ്ട്. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ രണ്ടുപേരും മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായ ഒരാളും പട്ടികയിലുണ്ട്. സ്ഥിരംസമിതി അധ്യക്ഷനായ ഒരാളും സഹകരണ ബാങ്ക് മുൻ പ്രസിഡന്റെന്ന അനുഭവസന്പത്തുള്ള മൂന്നുപേരും സ്ഥാനാർഥികളാണ്.









0 comments