"എന്റെ കേരള'ത്തിന് തുടക്കം
നവകേരളത്തിന്റെ നേർക്കാഴ്‌ച

എയ്തിട് മന്ത്രീ നേട്ടങ്ങൾ... രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കൊച്ചി മറൈൻഡ്രൈവ് മൈതാനത്ത് പ്രദർശനവിപണനമേളയ്ക്ക് തുടക്കമായി. ഉദ്‌ഘാടനശേഷം 'കായികകേരളം' സ്റ്റാൾ സന്ദർശിച്ച മന്ത്രി പി രാജീവിനെ ലക്ഷ്യം ചൂണ്ടി അമ്പെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന മേയർ എം അനിൽകുമാറും വളന്റിയർമാരും. കെ ജെ മാക്സി എംഎൽഎ സമീപം
കൊച്ചി
കേരളത്തിന്റെ വികസനനേട്ടങ്ങളിലേക്ക് വഴിതുറന്ന് എന്റെ കേരളം പ്രദർശന–-വിപണന മേളയ്‌ക്ക് തുടക്കം. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേള മറൈൻഡ്രൈവ് മൈതാനത്ത് വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്തു.
കെ ജെ മാക്സി എംഎൽഎ അധ്യക്ഷനായി. കൊച്ചി മേയർ എം അനിൽകുമാർ, ആന്റണി ജോൺ എംഎൽഎ, കൊച്ചി കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത്, കലക്ടർ എൻ എസ് കെ ഉമേഷ്, എഡിഎം വിനോദ് രാജ്, ഫോർട്ട് കൊച്ചി സബ് കലക്ടർ കെ മീര, ഐ ആൻഡ് പിആർഡി വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ നിജാസ് ജ്യുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് റേഡിയോ ലഗ്‌സ് ബാൻഡിന്റെ സംഗീതനിശയും അരങ്ങേറി.
23 വരെ നീളുന്ന മേളയിൽ വിവിധ വകുപ്പുകളുടെ ഉൾപ്പെടെ 276ൽ അധികം സ്റ്റാളുകളാണുള്ളത്. ഉദ്‌ഘാടനശേഷം മന്ത്രി പി രാജീവ് സ്റ്റാളുകൾ സന്ദർശിച്ചു. നിരവധിപേരാണ് ഉദ്‌ഘാടനദിവസംതന്നെ മേള കാണാനെത്തിയത്. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് സമയക്രമം. പ്രവേശനം സൗജന്യം. പാർക്കിങ് സൗകര്യവുമുണ്ട്. വിപുലമായ കാർഷികമേളയും കേരളത്തിന്റെ രുചിവൈവിധ്യങ്ങൾ ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഭക്ഷ്യമേളയുമുണ്ട്.
കൊച്ചിക്ക് അതിവേഗ മാറ്റം: മന്ത്രി പി രാജീവ്
കൊച്ചി
കൊച്ചിയുടെ അതിവേഗത്തിലുള്ള മാറ്റം സംസ്ഥാന സർക്കാരിന്റെ നാടിനോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
മറൈൻഡ്രൈവിൽ എന്റെ കേരളം -മെഗാ പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമഗ്ര മേഖലകളിലും സമാനതകളില്ലാത്ത വികസനനേട്ടങ്ങൾക്കാണ് കഴിഞ്ഞ ഒമ്പതുവർഷമായി കൊച്ചി സാക്ഷ്യംവഹിക്കുന്നത്.
കാലങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികൾക്കുൾപ്പെടെ നടപ്പാക്കാനായി. ചെല്ലാനം ടെട്രാപോഡ് പദ്ധതി ഉദാഹരണം. ബ്രഹ്മപുരം അഭിമാനനേട്ടമായി. ആരോഗ്യം, ഐടി, കുടിവെള്ളപ്രശ്‌നം തുടങ്ങി നിരവധി മേഖലകളിൽ ഫലപ്രദമായ ഇടപെടലുണ്ടായതായും മന്ത്രി പറഞ്ഞു.
ഫോട്ടോയെടുക്കൂ, റീൽ ചെയ്യൂ, സമ്മാനം നേടൂ
കൊച്ചി
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം മറൈൻഡ്രൈവ് മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന–-വിപണന മേളയുടെ ഭാഗമായി ഫോട്ടോ, റീൽ മത്സരം സംഘടിപ്പിക്കുന്നു. 17 മുതൽ 23 വരെ നടക്കുന്ന മേളയിൽനിന്ന് പകർത്തുന്ന മികച്ച ചിത്രങ്ങൾക്കും റീലുകൾക്കുമായാണ് മത്സരം. തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനും റീലിനും 23ന് നടക്കുന്ന സമാപനസമ്മേളനത്തിൽ സമ്മാനം നൽകും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഫോട്ടോ അല്ലെങ്കിൽ റീൽ, അടിക്കുറിപ്പ്, പേര്, വിലാസം, ഫോൺനമ്പർ എന്നിവ സഹിതം [email protected] എന്ന ഇ–--മെയിലിലേക്ക് 21നകം എൻട്രി അയക്കണം.
ലൈഫ്: താക്കോൽ കൈമാറി
കൊച്ചി
ലൈഫ് മിഷൻ പദ്ധതിവഴി ഭവനനിർമാണം പൂർത്തിയാക്കിയ അഞ്ച് വീടിന്റെ താക്കോൽ കൈമാറി. ഉദയംപേരൂർ കരേപറമ്പിൽ കെ ആർ ജലജ, എളങ്കുന്നപ്പുഴ കൊള്ളിയാത്ത് കെ ജെ ജോയ്, മുളന്തുരുത്തി കൊളപ്പിള്ളിൽ വീട്ടിൽ മേരി ജോൺ, മുളവുകാട് ചുങ്കത്ത് ചന്ദ്രമ്മ ബേബി, നായരമ്പലം മങ്ങാട്ട് രാജമ്മ ദിനേശൻ എന്നിവർക്കാണ് താക്കോൽ കൈമാറിയത്.
ഭൂരഹിതരായ അഞ്ചുപേർക്ക് ലൈഫ് പദ്ധതിയിലൂടെ ലഭിച്ച ഭൂമിയുടെ ആധാരവും കൈമാറി. മുടവൂർ കുരീക്കാട്ടുകുടിയിൽ കെ കെ മനോജ്, മുടവൂർ കുരിശിങ്കൽ ബേബി ജോൺ, മൂവാറ്റുപുഴ പുന്നയ്ക്കൽ സൂസന്ന വിനോദ്, മൂവാറ്റുപുഴ പാലത്തിങ്കൽ റസീന ഷിഹാബ്, മുടവൂർ മാളിയേക്കൽ ഷീജ ഷിഹാബ് എന്നിവർക്കാണ് ആധാരം കൈമാറിയത്.
മേളയിൽ ഇന്ന്
എന്റെ കേരളം പ്രദർശന–-വിപണന മേളയിൽ ഏഴുദിവസവും കലാപരിപാടികളും സെമിനാറുകളും നടക്കും. ഞായർ പകൽ 11 മുതൽ രണ്ടുവരെ സാമൂഹികനീതിവകുപ്പിന്റെ നേതൃത്വത്തിൽ "ചേർത്തുപിടിക്കലിലൂടെ വികസനത്തിലേക്ക്' വിഷയത്തിൽ സെമിനാറും ഹൃസ്വചിത്രപ്രദർശനവും സംഘടിപ്പിക്കും. രാത്രി ഏഴിന് ഗായകൻ അൻവർ സാദത്തും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.
0 comments