സിപിഐ എം ജില്ലാ സമ്മേളനം
നാളെ ചെങ്കൊടി ഉയരും ; പതാക, കൊടിമരം, ദീപശിഖാ ജാഥ നാളെ

സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സംസാരിക്കുന്നു
കൊച്ചി
സിപിഐ എം 24–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായ ജില്ലാ സമ്മേളനം 25, 26, 27 തീയതികളിൽ എറണാകുളം ടൗൺഹാളിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ നടക്കും. പതാക, കൊടിമര, ദീപശിഖാ ജാഥകൾ വെള്ളി വൈകിട്ട് ആറിന് മറൈൻഡ്രൈവിലെ സീതാറാം യെച്ചൂരി നഗറിൽ സംഗമിക്കും. 27ന് സമാപനത്തോടനുബന്ധിച്ച് 10,000 ചുവപ്പുസേനാംഗങ്ങൾ പങ്കെടുക്കുന്ന പരേഡും ബഹുജന മാർച്ചും പൊതുസമ്മേളനവും നടക്കും. ജില്ലയിലെ പ്രസ്ഥാനത്തിന്റെ ഭാവിമുന്നേറ്റങ്ങൾക്ക് കരുത്തുപകരുന്ന ചർച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വെള്ളി വൈകിട്ട് ആറിന് മറൈൻഡ്രൈവിലെ പൊതുസമ്മേളന നഗറിൽ സി എൻ മോഹനൻ ദീപശിഖ തെളിക്കും. എം അനിൽകുമാർ പതാകയുയർത്തും. 25ന് രാവിലെ 9.30ന് ടൗൺഹാളിന് മുന്നിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടക്കും. തുടർന്ന് വന്ദനഗാനത്തിന്റെ അകമ്പടിയിൽ പതാക ഉയർത്തും. 10ന് പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. ഏരിയകളിൽനിന്നുള്ള 371 പേരും 46 ജില്ലാകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 417 പ്രതിനിധികളാണ് പങ്കെടുക്കുക. പ്രവർത്തന റിപ്പോർട്ട് അവതരണശേഷം ഗ്രൂപ്പുചർച്ച, പൊതുചർച്ച എന്നിവ നടക്കും. വൈകിട്ട് അഞ്ചിന് സെമിനാറിൽ എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ സംസാരിക്കും.
26ന് ഉച്ചവരെ പൊതുചർച്ച. തുടർന്ന് മറുപടി. 27ന് തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ, സെക്രട്ടറി, സംസ്ഥാന സമ്മേളന പ്രതിനിധികൾ എന്നിവരെ തെരഞ്ഞെടുക്കും.
വൈകിട്ട് നാലിന് ഫോർഷോർ റോഡ്, എറണാകുളത്തപ്പൻ മൈതാനം, ദർബാർഹാൾ മൈതാനം, രാജേന്ദ്ര മൈതാനം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ചുവപ്പുസേനാ പരേഡും ബഹുജന റാലിയും ആരംഭിക്കും. അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എം വി ഗോവിന്ദൻ, എ വിജയരാഘവൻ, പി രാജീവ്, എം സ്വരാജ് തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‌മണി, എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പതാക, കൊടിമരം, ദീപശിഖാ ജാഥ നാളെ
സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പതാക, കൊടിമര, ദീപശിഖാ ജാഥകൾ വെള്ളി രാവിലെ എട്ടിന് വിവിധ കേന്ദ്രങ്ങളിൽനിന്ന് ആരംഭിക്കും. ഏരിയ കേന്ദ്രങ്ങളിലൂടെ പ്രയാണം നടത്തി വൈകിട്ട് അഞ്ചിന് മറൈൻഡ്രൈവിലെ പൊതുസമ്മേളനവേദിയായ സീതാറാം യെച്ചൂരി നഗറിൽ സംഗമിക്കും. തുടർന്ന് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ദീപശിഖ തെളിക്കും. സ്വാഗതസംഘം ചെയർമാൻ എം അനിൽകുമാർ പതാകയുയർത്തും.
ജോൺ ഫെർണാണ്ടസ് ക്യാപ്‌റ്റനും എ പി പ്രിനിൽ മാനേജരുമായ ദീപശിഖാ ജാഥ എടവനക്കാട്ടെ എം കെ ശിവരാജൻ സ്‌മൃതിമണ്ഡപത്തിൽ എസ് ശർമ ഉദ്‌ഘാടനം ചെയ്യും. വൈപ്പിൻ, കൊച്ചി, പള്ളുരുത്തി ഏരിയകളിൽ പര്യടനം നടത്തി മറൈൻഡ്രൈവിലെത്തും.
പതാകജാഥ അങ്കമാലിയിലെ എം സി ജോസഫൈൻ സ്‌മൃതികുടീരത്തിൽ കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. പി ആർ മുരളീധരൻ ക്യാപ്‌റ്റനും കെ കെ ഷിബു മാനേജരുമായ ജാഥ അങ്കമാലി, ആലുവ, കളമശേരി, തൃക്കാക്കര ഏരിയകളിൽ പര്യടനം നടത്തി പൊതുസമ്മേളന നഗറിലെത്തും.
രക്തസാക്ഷി പാമ്പാക്കുട അയ്യപ്പന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന കൊടിമര ജാഥ ഗോപി കോട്ടമുറിക്കൽ ഉദ്‌ഘാടനം ചെയ്യും. ആർ അനിൽകുമാർ ക്യാപ്‌റ്റനും പി ബി രതീഷ് മാനേജരുമായ ജാഥ കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോലഞ്ചേരി, തൃപ്പൂണിത്തുറ, തൃക്കാക്കര ഏരിയകളിൽ പര്യടനം നടത്തും.
സെമിനാർ, ദിവസവും കലാവതരണങ്ങൾ
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ടൗൺഹാൾ അങ്കണത്തിലെ എം എം ലോറൻസ് നഗറിൽ വിവിധ കലാവതരണങ്ങൾ മൂന്നുദിവസവും അരങ്ങേറും. 25ന് വൈകിട്ട് അഞ്ചിന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ പങ്കെടുക്കുന്ന സെമിനാർ. വിഷയം– കേന്ദ്ര അവഗണന: കേരളം ഇന്ത്യയിൽ അല്ലേ?.
ഏഴിന് കുമ്പളങ്ങി സാലിമോനും സംഘവും അവതരിപ്പിക്കുന്ന ‘മാനവികഗീതങ്ങൾ’ സംഗീതപരിപാടി. എട്ടിന് ഇടക്കൊച്ചി സലിംകുമാറിന്റെ കഥാപ്രസംഗം. -കഥ–- അയിഷ വയലാറിന്റേതല്ല. 26ന് വൈകിട്ട് ആറിന് പെട്രസ്യ സാബു അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. തുടർന്ന് കെപിഎസിയുടെ നാടകം–-ഒളിവിലെ ഓർമകൾ.
27ന് പൊതുസമ്മേളനത്തിനുശേഷം മറൈൻഡ്രൈവിലെ സീതാറാം യെച്ചൂരി നഗറിൽ അഡ്വ. പ്രേം പ്രസാദ് സംവിധാനം ചെയ്ത്, തൃശൂർ ജനനയന അവതരിപ്പിക്കുന്ന ഫോക്ഫെസ്റ്റ് അരങ്ങേറും.
Related News

0 comments