അന്താരാഷ്‌ട്ര നിലവാരത്തിൽ പ്രീ സ്കൂൾ
ജില്ലയിൽ ഒരുങ്ങിയത് 144 വർണക്കൂടാരങ്ങൾ

വെണ്ണല ഗവ. എൽപി സ്കൂളിൽ ഒരുക്കിയ വർണക്കൂടാരം (ഫയൽ ചിത്രം)
കൊച്ചി
കൊച്ചുമിടുക്കർക്കായി ജില്ലയിൽ ഒരുങ്ങിയത് 144 വർണക്കൂടാരങ്ങൾ. അന്താരാഷ്‌ട്ര നിലവാരമുള്ള പ്രീസ്കൂൾ അന്തരീക്ഷം ഒരുക്കാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണ് വർണക്കൂടാരം.
10 ലക്ഷം രൂപയാണ് ഒരു സ്കൂളിന് വർണക്കൂടാരം നിർമിക്കാൻ അനുവദിക്കുന്നത്. 2021–-22 അധ്യയനവർഷമാണ് പദ്ധതി തുടങ്ങുന്നത്. ആദ്യം 15 സ്കൂളുകളിലായിരുന്നു പദ്ധതി. 2022–-23ൽ 37 സ്കൂളുകളിലും 2023–24ൽ 47 സ്കൂളിലും 2024–-25ൽ 45 സ്കൂളുകളിലും വർണക്കൂടാരം നടപ്പാക്കി.
ജില്ലയിൽ ആദ്യം മൂന്നു മാതൃകാ പ്രീപ്രൈമറി സ്കൂളുകൾ ഒരുക്കിയിരുന്നു. എസ്‌എസ്‌കെ ഫണ്ട് 15 ലക്ഷം രൂപ ചെലവിട്ട് ഗവ. എൽപി സ്കൂൾ തൃപ്പൂണിത്തുറയിലായിരുന്നു തുടക്കം. ഗവ. എൽപി സ്കൂൾ കുന്നുകര, ജിയുപിഎസ് കൂത്താട്ടുകുളം എന്നിവിടങ്ങളിലും മാതൃകാ പ്രീപ്രൈമറി പദ്ധതി നടപ്പാക്കി. പിന്നീടാണ് വർണക്കൂടാരം പദ്ധതി വരുന്നത്.
ഭാഷാവികാസ ഇടവും ശാസ്ത്രയിടവും
കുഞ്ഞുങ്ങളുടെ ഭാഷാശേഷി വളർത്താൻ സഹായിക്കുന്ന ഭാഷാവികാസ ഇടം, ലഘു ശാസ്ത്രപരീക്ഷണങ്ങൾക്കും നിരീക്ഷണത്തിനും അവസരം നൽകുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങൾ നുണയുന്ന ഗണിതയിടം, ചിത്രരചന പഠിക്കാൻ അവസരമൊരുക്കുന്ന വരയിടം, കുട്ടികളുടെ കലാപ്രകടനങ്ങൾക്ക് അവസരമൊരുക്കുന്ന കുഞ്ഞരങ്ങ് എന്നിങ്ങനെ കുട്ടിയുടെ സർവതോമുഖ വികാസത്തിന് സഹായിക്കുന്ന 13 പ്രവർത്തന ഇടങ്ങളാണ് ഓരോ സ്‌കൂളിലും വർണക്കൂടാരങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത്.
കുട്ടികൾക്ക് അഭിരുചിക്കനുസരിച്ച് പഠനപ്രവർത്തനങ്ങളിലും കളികളിലും ഏർപ്പെടാനാകും. കുട്ടിയുടെ ഭാവിജീവിതം മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങൾ ഒരുക്കുകകൂടി പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.
0 comments