കാട്ടാന ആക്രമണം
ഗൂഡല്ലൂരിൽ പത്ത് ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് രണ്ടുതൊഴിലാളികൾ

ഗൂഡല്ലൂർ ഗൂഡല്ലൂർ, -പന്തല്ലൂർ താലൂക്കിൽ പത്ത് ദിവസത്തിനുള്ളിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ടുപേർ. ജോലിയ്‌ക്കുശേഷം രാത്രിയിൽ വീട്ടിലേക്ക് മടങ്ങിയ തൊഴിലാളികളാണ് മരിച്ച രണ്ടുപേരും. മച്ചിക്കൊല്ലി സ്വദേശി ആറുമുഖ(60)നെയാണ് ബുധൻ രാത്രി കാട്ടാന കൊന്നത്. ജൂൺ എട്ടിനാണ് പന്തല്ലൂർ ബിദർകാട്ടെ ചന്തക്കുന്ന് സ്വദേശി ജോയി(55)യെ കാട്ടാന കൊന്നത്. ഫെബ്രുവരി മുതൽ ജൂൺ 19 വരെയുള്ള നാലര മാസത്തിൽ വന്യമൃഗാക്രമണത്തിൽ നീലഗിരി ജില്ലയിൽ മരിച്ചത് പത്തുപേരാണ്. ഗൂഡല്ലൂർ, -പന്തല്ലൂർ താലൂക്കിലാണ് കാട്ടാനകളുടെ ആക്രമണം കൂടുതൽ. ചേരമ്പാടി, ചേരങ്കോട്, പന്തല്ലൂര് ദേവാല, നാടുകാണി, ഓവേലി, തൊറപ്പള്ളി, മാക്കുമൂല, ദേവർഷോല ടൗൺ, നെല്ലകോട്ട, ബിദർകാട്, പാട്ടവയൽ, അയ്യങ്കൊല്ലി, അമ്പലമൂല, മേൽ ഗൂഡല്ലൂർ എന്നിവിടങ്ങൾ കാട്ടാനഭീതിയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് ദിവസവും നശിപ്പിക്കുന്നത്. നിരവധി വീടുകൾക്കും കടകൾക്കും നാശനഷ്‌ടവുമുണ്ടാക്കുന്നു. ബുധൻ രാത്രി കാട്ടാന ഗൂഡല്ലൂർ ഗവ. സ്‌കൂളിന്റെ ചുറ്റുമതിലും ഒരു വീടിന്റെ മതിലും തകർത്തിരുന്നു. വ്യാഴാഴ്ച രാവിലെ കാട്ടാനകൾ മാക്കുമൂലയിലും ചേരമ്പാടി ചുങ്കം ഭാഗത്തും ഇറങ്ങി. ഊട്ടിയും കൂനൂരും കോത്തഗിരിയിലും കാട്ടുപോത്തുകളും കരടിയും ഇറങ്ങുന്നുണ്ട്. കഴിഞ്ഞയാഴ്ച കോത്തഗിരിയിൽ തേൻ എടുക്കാൻ പോയ യുവാവിനെ കാട്ടുപോത്ത് കൊന്നിരുന്നു.
0 comments