കൊടും ചൂട്‌: കബനിയിൽ 
ജലനിരപ്പ്‌ താഴ്‌ന്നു

കബനി
വെബ് ഡെസ്ക്

Published on Mar 16, 2025, 05:45 AM | 1 min read

പുൽപ്പള്ളി വേനൽ കനക്കും മുമ്പുതന്നെ ജലസ്രോതസ്സുകളിൽ വെള്ളം താഴ്‌ന്നു. കബനി നദിയിൽ വെള്ളം കുറഞ്ഞ്‌ പാറകൾ കണ്ടുതുടങ്ങി.കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങി. കടമാൻതോട്ടിലും കന്നാരം പുഴയിലും ജലനിരപ്പ്‌ കുറഞ്ഞു. മാർച്ച്‌ ആദ്യംതന്നെ വെള്ളം വലിയതോതിൽ കുറഞ്ഞത് വരാൻപോകുന്ന ജലക്ഷാമത്തിന്റെ ലക്ഷണമാണെന്നാണ് കർഷകരുടെ വിലയിരുത്തൽ. ചേകാടി, പെരിക്കല്ലൂർ, മരക്കടവ്, കബനിഗിരി, കൊളവള്ളി പാടശേഖരങ്ങളിൽ പുഞ്ചകൃഷിയെ വെള്ളക്കുറവ്‌ ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്‌. മുള്ളൻകൊല്ലി, പുൽപ്പള്ളി പ്രദേശങ്ങളിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന മുഴുവൻ ജലവിതരണ പദ്ധതികളും കബനീ നദിയിലെ വെള്ളത്തെ ആശ്രയിച്ചാണ്. പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിന് ജലവിഭവ വകുപ്പും ജലജീവൻ മിഷനും വിവിധ പ്രവൃത്തികൾ നടത്തുന്നുണ്ട്‌. ഇതിനെയും വരൾച്ച ബാധിക്കും. മാസങ്ങളായി മഴയില്ലാത്തതും ചൂടും പ്രദേശത്തെ വരൾച്ചയിലേക്ക് തള്ളിവിടുമോയെന്ന ആശങ്ക വർധിപ്പിക്കുകയാണ്‌. കുരുമുളക്, കാപ്പി, തെങ്ങ്, കമുക് തുടങ്ങിയ വിളകളുടെയെല്ലാം നിലനിൽപ്പ്‌ മഴയെ ആശ്രയിച്ചാണ്. കഴിഞ്ഞ വേനലിൽ മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ കുടിവെള്ളത്തിന്‌ കാരാപ്പുഴ അണക്കെട്ടിൽനിന്ന്‌ വെള്ളം എത്തിക്കേണ്ട സാഹചര്യമുണ്ടായി. വർൾച്ച പ്രതിരോധ പ്രവർത്തനങ്ങൾ തയ്യാറാക്കണമെന്ന്‌ ജലവിഭവ വകുപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട്. മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ വരൾച്ചക്കെതിരെയുള്ള മുൻകരുതൽ നടപടികളൊന്നും ആരംഭിച്ചിട്ടില്ല. അസാധാരണമായ ചൂടാണ് ഈ മേഖലയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്.



deshabhimani section

Related News

0 comments
Sort by

Home