2134.50 കോടി
തുരങ്കപാത അരികെ

കൽപ്പറ്റ വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനും കേരളത്തിന്റെ കാർഷിക–-വ്യാപാര–-ടൂറിസം മേഖലകളുടെ കുതിച്ചുചാട്ടത്തിനും വഴിയൊരുക്കുന്ന വയനാട് തുരങ്കപാതയ്‌ക്ക് സംസ്ഥാന ബജറ്റിൽ ലഭിച്ചത് ഏറ്റവും വലിയ പരിഗണന. നിർമാണ ഘട്ടത്തിനരികിലുള്ള പദ്ധതിക്ക് 2134.50 കോടി രൂപയാണ് വകയിരുത്തിയത്. പദ്ധതിയുമായി സർക്കാർ മുമ്പോട്ട് പോകുകയാണ്. മാസങ്ങൾക്കുള്ളിൽ നിർമാണം തുടങ്ങും. അന്തിമ പാരിസ്ഥിതികാനുമതി കാക്കുകയാണ്. സ്‌റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് കമ്മിറ്റിയുടെ അനുമതി ഈ മാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുമതി ലഭിച്ചാൽ നിർമാണം ആരംഭിക്കും സർക്കാരിന്റെ അഭിമാന പദ്ധതിയാണ് വയനാട്–കോഴിക്കോട് ജില്ലകളെ ചുരമില്ലാതെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ –-കള്ളാടി–-മേപ്പാടി തുരങ്കപാത. 2043.74 കോടി രൂപ പ്രതീക്ഷിത ചെലവുള്ള പദ്ധതി കഴിഞ്ഞ സെപ്‌തംബറിൽ ടെൻഡറായതാണ്. ഭോപാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്‌കോൺ കമ്പനിയാണ് കരാർ എടുത്തിട്ടുള്ളത്. ഇരുവഴിഞ്ഞിപ്പുഴയ്‌ക്ക് കുറുകെ നിർമിക്കുന്ന പാലങ്ങളുടെയും അപ്രോച്ച് റോഡിന്റെയും ടെൻഡറായതാണ്. കൊൽക്കത്ത ആസ്ഥാനമായുള്ള റോയൽ ഇൻഫ്ര കൺസ്‌ട്രക്ഷൻ കമ്പനിയുമായാണ് ഈ കരാർ. കൊങ്കൺ റെയിൽവേ ആണ് നിർമാണ ഏജൻസി (എസ്‌പിവി). കേന്ദ്രാനുമതി നേരത്തെ ലഭിച്ചതാണ്. ഇരട്ട തുരങ്കങ്ങളായാണ് നിർമാണം നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. 8.11 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈർഘ്യം. ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്‌റ്റം, ടെലിഫോൺ സിസ്‌റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്‌റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും. അമിത ഉയരമുള്ള വാഹനങ്ങൾ കണ്ടെത്തി സിഗ്‌നൽ നൽകും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകൾ ഉണ്ടാകും. ഇരുവഴിഞ്ഞിപ്പുഴയിൽ പാലങ്ങൾക്കും കലുങ്കുകൾക്കും പുറമേ അടിപ്പാതയും സർവീസ് റോഡുമുണ്ട്. പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് വയനാട്, കോഴിക്കോട് ജില്ലകളിൽ പൂർത്തിയായി.
Related News

0 comments