Deshabhimani

വന്യമൃഗ ആക്രമണം തടയാൻ ജനകീയ കാടുവെട്ടൽ

വന്യമൃഗ ആക്രമണം
വെബ് ഡെസ്ക്

Published on Jan 15, 2025, 02:30 AM | 1 min read

കൽപ്പറ്റ കടുവാ ഭീഷണി നിലനിൽക്കുന്ന ചുഴലി, പെരുന്തട്ട പ്രദേശത്തെ കാട്‌ ജനകീയമായി വെട്ടിത്തെളിച്ചു. തേയില എസ്‌റ്റേറ്റിലേയും കോഫി ബോർഡിന്റെ കൈവശമുള്ള കാപ്പിത്തോട്ടത്തിലേയും കാടുമുടിയ പ്രദേശവും ചുഴലിയിലെ കോസ്മോഞപൊളിറ്റൻ ക്ലബ്ബിന് സമീപത്തെ കാടുമാണ്‌ വെട്ടിമാറ്റിയത്‌. ചൊവ്വ രാവിലെ എട്ട്‌ മുതൽ നഗരസഭ, ജനകീയ പ്രതിരോധ സമിതി, കോഫീ ബോർഡ് തൊഴിലാളികൾ, വനംവകുപ്പ് ആർആർടി , തൊഴിലുറപ്പ് തൊഴിലാളികൾ, നഗരസഭ കണ്ടിജന്റ്‌ ജീവനക്കാർ, പെരുന്തട്ട പൗരസമിതി, വിവിധ എൻജിസികൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെയാണ്‌ ജനകീയമായി കാട്‌ വെട്ടിയത്‌. നാടൊരുമിച്ച് പ്രവർത്തനത്തിൽ പങ്കാളികളായി. വരുംദിവസങ്ങളിലും തുടരും. നഗരസഭാ ചെയർമാൻ ടി ജെ ഐസക്‌ ഉദ്ഘാടനംചെയ്തു. വാർഡ് കൗൺസിലർ രാജാറാണി അധ്യക്ഷയായി. സമിതി കൺവീനർ ബെന്നി ലൂയിസ് സ്വാഗതവും ടി കെ മജീദ് നന്ദിയും പറഞ്ഞു. ഒരുമാസത്തിനുള്ളിൽ മൂന്ന് വളർത്തുമൃഗങ്ങളെയാണ് ഇവിടെ കടുവ ആക്രമിച്ചത്. ഇതിൽ രണ്ടെണ്ണം ചത്തു. ഗുരുതര പരിക്കേറ്റ ഒരു പശു ചികിത്സയിലാണ്. നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശമാണ് പെരുന്തട്ട. വന്യമൃഗത്തിന്റെ സാന്നിധ്യമുണ്ടായ സാഹചര്യത്തിൽ സഞ്ചാരികളുടെ സന്ദർശനം താൽക്കാലികമായി നിരോധിച്ചു. പൂളക്കുന്നിലും ക്ലബ്ബിന് സമീപവും വന്യമൃഗത്തെ കെണിയിലാക്കാൻ കൂടും വച്ചിട്ടുണ്ട്. നീക്കിയത്‌ മാലിന്യവും ജനകീയ കാട് വെട്ടലിന് നാട് ഒന്നിച്ചപ്പോൾ കണ്ടത്‌ കാട്‌ നിറയെ മാലിന്യം. തേയിലച്ചെടികൾക്കും കാടുകൾക്കുള്ളിലും നിറയെ ശീതള പാനീയങ്ങളുടെ ബോട്ടിലുകളിലും മദ്യക്കുപ്പികളുമായിരുന്നു. കവറുകളും കടലാസുകളും വേറെ. നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശമാണ് പെരുന്തട്ട. സഞ്ചാരികളും അല്ലാത്തവരുമാണ്‌ മാലിന്യംതള്ളുന്നത്‌. മാലിന്യം വലിച്ചെറിയരുതെന്നാണ്‌ നാട്ടുകാർ അഭ്യർഥിക്കുന്നത്‌. തെരുവുവിളക്കുകൾ സ്ഥാപിക്കണം പെരുന്തട്ടയിലെ പ്രധാന റോഡിൽ പുതിയ തെരുവ് വിളക്ക് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന ഇടനാഴികളിലെ വിളക്കുകൾ നന്നാക്കിയിട്ടുണ്ട്. എന്നാൽ പ്രധാന റോഡിൽ വെള്ളാരംകുന്ന് മുതൽ പൂളക്കുന്നുവരെ വെളിച്ചമില്ല. ഈ വിഷയത്തിൽ നഗരസഭ പ്രത്യേക കൗൺസിൽ വിളിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പറഞ്ഞെങ്കിലും ലൈൻ വലിച്ചതല്ലാതെ മറ്റുനടപടികളുണ്ടായില്ല.



deshabhimani section

Related News

0 comments
Sort by

Home