പരിശ്രമങ്ങൾ വിഫലം പിടിനൽകാതെ കടുവ: വീണ്ടും ആടിനെ കൊന്നു

പുൽപ്പള്ളി പരിശ്രമം വിഫലം. ചൊവ്വയും കടുവയെ കുരുക്കാനായില്ല. അമരക്കുനിയിലും പരിസരങ്ങളിലും ദിവസങ്ങളായി വളർത്തുമൃഗങ്ങളെ കൊന്ന് വിലസുന്ന കടുവയെ പിടികൂടാൻ സർവസന്നാഹങ്ങളുമായി കെണിയൊരുക്കി കാത്തിരിക്കുമ്പോഴും ചൊവ്വ പുലർച്ചെ കണ്ണുവെട്ടിച്ച് ആടിനെ പിടികൂടി കൊന്നു. ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്റെ അഞ്ച് വയസ്സുള്ള ആടിനെയാണ് ചൊവ്വ പുലർച്ച രണ്ടോടെ കടുവ കൂടിനകത്ത് കയറി പിടികൂടിയത്. മൂന്ന് കുഞ്ഞുങ്ങളുള്ള ആടായിരുന്നു. ശബ്ദംകേട്ട് ബിജുവിന്റെ അമ്മ മറിയ ജനൽ തുറന്നപ്പോൾ ആടിനെ പിടിക്കുന്നത് കണ്ടു. ശബ്ദമുണ്ടാക്കിയതോടെ ആടിനെ ഉപേക്ഷിച്ച് കടന്നു. തുടർന്ന് വനം ജീവനക്കാരെത്തി വീടിന് സമീപം കൂട് വച്ചു. ഈ മേഖലയിൽ എട്ട് ദിവസത്തിനിടെ നാല് ആടുകളെയാണ് കടുവ പിടികൂടി കൊന്നത്. തിങ്കൾ രാത്രിയും ആടിനെ പിടിച്ചിരുന്നു. ചൊവ്വ പകൽ നടത്തിയ തിരച്ചിലിൽ കാപ്പിത്തോട്ടത്തിൽ കടുവയെ കണ്ടെത്തി. കാപ്പിത്തോട്ടത്തിൽ മയക്കുവെടി ദുഷ്കരമായതിനാൽ തുറസ്സായ സ്ഥലത്തേക്ക് മാറ്റി മയക്കുവെടിവയ്‌ക്കാനുള്ള ശ്രമം വൈകിട്ടുവരെ തുടർന്നെങ്കിലും വിജയിച്ചില്ല. തുടർച്ചയായ അക്രമണത്തിൽ പ്രദേശമാകെ ഭീതിയിലാണ്. കടുവ അവശനിലയിലുള്ളതും പകൽ കൃത്യമായി കാണാത്തതുമാണ് മയക്കുവെടിക്ക് തടസ്സം. എങ്ങനെയും പിടികൂടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. രണ്ട് കിലോമീറ്റർ ചുറ്റളവിൽ നാല് കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശമാകെ കാമറ നിരീക്ഷണത്തിലാണ്. തിരച്ചിലിന് കുങ്കി ആനകളെ ഉപയോഗിച്ചിട്ടും ഫലമുണ്ടായില്ല. സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ രാമൻ, വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, റെയ്‌ഞ്ച് ഓഫീസർ എം കെ രാജീവ് കുമാർ, ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ അബ്ദുൽ ഗഫൂർ എന്നിവരാണ് തിരച്ചലിന് നേതൃത്വംനൽകുന്നത്. നഷ്ടപരിഹാരം ഉടൻ വളർത്തുമൃഗങ്ങളെ നഷ്‌ടപ്പെട്ടവർക്കുള്ള നഷ്‌ടപരിഹാരം ഉടൻ കൈമാറുമെന്ന് ഡിഎഫ്ഒ അജിത്ത് കെ രാമൻ പറഞ്ഞു. വെറ്ററിനറി ഡോക്ടറുടെ റിപ്പോർട്ട് ലഭിക്കുന്ന താമസമേയുള്ളൂ. സാധ്യമായാൽ രാത്രിയിലും മയക്കുവെടി വയ്‌ക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.
Related News

0 comments