തുടി കെട്ടുകയാണ്, ജീവിതതാളം മുറിയാതിരിക്കാൻ

കൽപ്പറ്റ നട്ടെല്ല് പൊട്ടി കിടപ്പിലാണ് മണി. പരസഹായമില്ലാതെ നടക്കാനാവില്ല. എന്നാലും മനസ്സ് നിറയെ തുടികൊട്ടിയ ഇന്നലെകളുണ്ട്. ആ തുടിതാളത്തിന്റെ ബലത്തിൽ ജീവിതം തുഴയുകയാണ് ഗോത്രയുവാവ്. ആചാരാനുഷ്ഠാന വേളകളിൽ കൈവേഗംകൊണ്ട് തുടിയിൽ താളമിട്ട് ഏവരേയും വിസ്‌മയിപ്പിച്ച ഒരു കാലമുണ്ട്, വെള്ളമുണ്ട എടമുണ്ടയിലെ മണിയ്‌ക്ക്. അതിപ്പോൾ ഓർമമാത്രമാണ്. എന്നാലും പ്രിയപ്പെട്ട വാദ്യോപകരണത്തെ വിട്ടുപിരിയാൻ കഴിയാത്തതിനാൽ ചലനശേഷിയില്ലാതാവുമ്പോഴും ജീവിതതാളത്തിന് ഇടമൊരുക്കാൻ തുടി നിർമാണത്തിലാണ് ഈ യുവാവ്. 2017 മെയ് 30 മണിയുടെ ജീവിതത്തിലെ നശിച്ച ദിവസമാണ്. അന്ന് രാത്രിയാണ് അയൽവീട്ടിലെ ആചാരപരിപാടികൾ കഴിഞ്ഞുവരുമ്പോൾ കാലുതെറ്റി മൂന്നാൾപ്പൊക്കമുള്ള മതിലിൽനിന്ന് വീഴുന്നത്. വീടിന്റെ നിർമാണത്തിനായി നിരത്തിയിട്ട സാമഗ്രികളിലേക്കായിരുന്നു വീഴ്‌ച. നട്ടെല്ലിന് കാര്യമായ ക്ഷതം പറ്റി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീർഘകാലം ചികിത്സിച്ചു. എന്നാലും സമ്പൂർണമായ ചലനശേഷി തിരിച്ച് കിട്ടിയില്ല. പിന്നീട് വീൽചെയറിലായി ജീവിതം. ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വഴിയായി തുടി നിർമാണം ആരംഭിക്കുകയായിരുന്നു. 2018 മുതൽതന്നെ തുടി നിർമാണം തുടങ്ങി. പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ പ്രത്യേകരീതിയിൽ തയ്യാറാക്കി, ചെത്തിമിനുക്കി, ഉൾഭാഗം ഒഴിവാക്കി, മൃഗത്തോൽ കെട്ടിയാണ് തുടി നിർമാണം. ഏറെ ശ്രമകരമായ ജോലിയാണ്. എന്നാലും ഇരുന്ന് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് സ്വയം ചെയ്യാം എന്നതാണ് മണിയ്‌ക്ക് ഇതിൽ താൽപ്പര്യമുണ്ടാവാൻ കാരണം. ഒരു തുടി നിർമാണത്തിന് മൂന്നു ദിവസത്തെ അധ്വാനമുണ്ട്. മരവും മൃഗത്തോലും വാങ്ങുകയാണ്. നാലായിരം രൂപയാണ് ഒരു തുടിയുടെ വില. വയനാടിന് പുറമെ കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്നുപോലും നവമാധ്യമങ്ങളിലൂടെ മണിയുടെ സാഹചര്യം തിരിച്ചറിഞ്ഞ പലരും തുടി വാങ്ങാൻ ഇതിനകം എത്തിയിട്ടുണ്ട്. അളവിനനുസരിച്ച് പ്രത്യേകതരം തുടിയും മണി നിർമിക്കുന്നുണ്ട്. ഭാര്യ സിന്ധുവിന് തൊഴിലുറപ്പ് പദ്ധതിയിൽനിന്നു കിട്ടുന്ന വരുമാനമാണ് കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്. വിദ്യാർഥികളായ സിജിത, ശ്രീജിത്ത്, ശ്രീജീവ് എന്നിവർ മണിയുടെ മക്കളാണ്. ഇവരും മണിയുടെ തുടി നിർമാണത്തിന് സഹായവുമായി കൂടെയുണ്ട്.
0 comments