Deshabhimani

ഇരുചക്ര വാഹനമടക്കം പകുതി വിലയ്‌ക്ക്‌

ജില്ലയിൽനിന്ന്‌ തട്ടിയത്‌ 25 കോടി

ഇരുചക്ര വാഹനമടക്കം പകുതി വിലയ്‌ക്ക്‌
വെബ് ഡെസ്ക്

Published on Feb 07, 2025, 12:00 AM | 1 min read

കൽപ്പറ്റ ഇരുചക്ര വാഹനങ്ങളടക്കം പകുതി വിലയ്‌ക്ക്‌ നൽകുമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ വയനാട്ടിൽനിന്ന്‌ തട്ടിയത്‌ 25 കോടിയോളം രൂപയെന്ന്‌ പ്രാഥമിക നിഗമനം. ആയിരത്തി അഞ്ഞൂറിലധികം പേർ ജില്ലയിൽ ഇരകളായതായാണ്‌ പൊലീസ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. മുന്നൂറോളം പേർ പരാതിയുമായി കഴിഞ്ഞദിവസം രംഗത്തുവന്നെങ്കിലും പൊലീസിൽ പരാതി നൽകിയവർ കുറവാണ്‌. മാനന്തവാടിയിൽ രണ്ടും ബത്തേരിയിൽ ഒരുകേസും രജിസ്‌റ്റർ ചെയ്‌തു. കൂടുതൽ കേസുകൾ വരുംദിവസങ്ങളിലുണ്ടാകും. മുണ്ടക്കൈ–-മേപ്പാടി ദുരന്തബാധിതരെ ഉൾപ്പെടെ വഞ്ചിച്ചു. തട്ടിപ്പിൽ അറസ്‌റ്റിലായ തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തുകൃഷ്‌ണൻ കോ–-ഓർഡിനേറ്ററായ നാഷണൽ എൻജിയോസ്‌ കോൺഫെഡറേഷന്റെ അക്കൗണ്ടിലേക്കാണ്‌ കൂടുതൽ പണം നിക്ഷേപിച്ചത്‌. സീഡ്‌ സൊസൈറ്റി വഴിയാണ്‌ അധികം പേരും പണം നൽകിയത്‌. സീഡ്‌ വഴി ആയിരത്തോളം പേർ പണമടച്ചിട്ടുണ്ട്‌. 65,000 രൂപയിലധികം നൽകിവരാണെല്ലാവരും. മാനന്തവാടിയിൽ പാറത്തോട്ടം കർഷക വികസന സമിതി മുഖാന്തരം പണം നൽകി വഞ്ചിതരായെന്ന്‌ കാണിച്ച്‌ രണ്ടുപേർ പൊലീസിൽ പരാതി നൽകി. സമിതിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ്‌ പണം നിക്ഷേപിച്ചത്‌. ഏച്ചോം സ്വദേശി പി വീണ, ആറാട്ടുതറ സ്വദേശി എച്ച് അമൃത എന്നിവരാണ് പരാതി നൽകിയത്. മേപ്പാടി പൊലീസ്‌ സ്‌റ്റേഷനിൽ വ്യാഴാഴ്‌ച 40 പേരും കൽപ്പറ്റയിൽ അഞ്ചുപേരും പരാതിയുമായി എത്തി. പണം അടച്ചവർ തിനപുരം അക്ഷയകേന്ദ്രത്തിൽ പ്രതിഷേധവുമായെത്തി. കൽപ്പറ്റയിലെ ഒരു സന്നദ്ധസംഘടന വഴി 4.5 കോടി രൂപ പിരിച്ചതായാണ്‌ പ്രാഥമിക നിഗമനം. സീഡും മറ്റു സംഘടനകളും പിരിച്ചത്‌ ഇതിന്‌ പുറമേയാണ്‌.



deshabhimani section

Related News

0 comments
Sort by

Home