Deshabhimani

കളംനിറഞ്ഞ്‌ വയനാട് യുണൈറ്റഡ് എഫ് സി

വയനാട് യുണൈറ്റഡ്  എഫ് സി
വെബ് ഡെസ്ക്

Published on Apr 21, 2025, 08:38 PM | 1 min read

കൽപ്പറ്റ കേരള പ്രീമിയർ ലീഗിൽ (കെപിഎൽ) തിളങ്ങുന്ന പ്രകടനവുമായി ജില്ലയുടെ ഏക പ്രൊഫഷണൽ ക്ലബ്ബായ വയനാട് യുണൈറ്റഡ് എഫ്സി. കാൽപ്പന്ത്‌ കളിയിൽ ജില്ലയുടെ അഭിമാനമായ ക്ലബ്‌ നാലാം കെപിഎൽ സീസണിൽ സെമിയിലേക്കുള്ള പ്രവേശന പാതയിലാണ്‌. മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ ശനിയാഴ്‌ച നടന്ന മത്സരത്തിൽ കരുത്തരായ കേരള ബ്ലാസ്റ്റേഴ്‌സിനെ 1-–-1 സമനിലയിൽ തളച്ചു. ഈ സീസണിൽ 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ആറ്‌ ജയവും രണ്ട്‌ സമനിലയുമായി 20 പോയിന്റുമായി പട്ടികയിൽ മൂന്നാമതാണ്‌. മുഖ്യപരിശീലകൻ ഡെയ്സൺ ചെറിയാന്റെ നേതൃത്വത്തിൽ ഹോം ഗ്രൗണ്ടായ പിണങ്ങോട് ചോലപ്പുറം സ്റ്റേഡിയത്തിലെ മൂന്നുമാസത്തെ കഠിന പരിശീലനമാണ്‌ താരങ്ങൾക്ക്‌ കരുത്തായത്. മുഹമ്മദ് അമീനാണ് ക്യാപ്റ്റൻ. അഞ്ച്‌ ഗോളുകൾ നേടി വയനാട്ടുകാരനായ ശ്രീനാഥ് മുന്നേറ്റനിരയിൽ മികച്ചുനിന്നു. കെ എസ് ജഗൻ, മുർഷിദ് എന്നിവരാണ് ഗോൾവല കാക്കുന്നത്. മിഷേൽ, അജിത് മെഹബൂബ് എന്നിവരടങ്ങിയ ഫോർവേഡും ജിഷ്‌ണു, സിബി എബ്രഹാം, രമിത്, ഗോകുൽ എന്നിവരടങ്ങിയ പ്രതിരോധനിരയും ടീമിന്‌ ബലമേകുന്നു. പിണങ്ങോട് സ്വദേശിയും കേരള ഫുട്ബോൾ അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗവുമായ സി കെ ഷമീം ബക്കറാണ്‌ ടീം ഉടമ. ക്ലബ്‌ രൂപീകരിച്ചതോടെ ജില്ലയിലെ ഫുട്‌ബോൾ രംഗത്ത്‌ പ്രൊഫഷണൽ മാറ്റമുണ്ടായി. ജില്ലാ സ്‌കൂൾ ലീഗ്‌–യുവ കപ്പ്‌ മത്സരങ്ങൾ ആവേശമായി. മൂന്നുവർഷം മുമ്പ്‌ ജില്ലാ സ്‌റ്റേഡിയംകൂടി പിറവിയെടുത്തത്‌ ക്ലബ്ബിന്‌ കരുത്തായി.



deshabhimani section

Related News

View More
0 comments
Sort by

Home