മനം കുളിർപ്പിച്ച് വേനൽമഴ

കൽപ്പറ്റ കത്തിക്കയറുന്ന ചൂടിന് ആശ്വാസമായി ജില്ലയിലെങ്ങും വേനൽമഴ. ബുധൻ ഉച്ചതിരിഞ്ഞാണ് വിവിധ ഭാഗങ്ങളിൽ മഴ പെയ്‌തത്. മാനന്തവാടി ഭാഗങ്ങളിൽ രണ്ടരയോടെ ആരംഭിച്ച മഴ മണിക്കൂറുകൾ നീണ്ടുനിന്നു. ബത്തേരിയിൽ വൈകിട്ട് നാലോടെ ആരംഭിച്ച മഴ ഇടവേളകളിലായി ഒന്നരമണിക്കൂറോളം പെയ്‌തു. കൽപ്പറ്റ, മുട്ടിൽ പ്രദേശങ്ങളിലും വൈകിട്ട് നാലര മുതൽ ഒരുമണിക്കൂറോളം മഴ പെയ്‌തു. കമ്പളക്കാട്, പനമരം, വൈത്തിരി, പൊഴുതന, മേപ്പാടി ഭാഗങ്ങളിലും മഴ പെയ്‌തു. വരൾച്ച രൂക്ഷമായ പുൽപ്പള്ളി മേഖലയിലെ പെരിക്കല്ലൂരിൽ മാത്രമായിരുന്നു മഴ. വരുംദിവസങ്ങളിലും മഴ പെയ്‌താൽ കാർഷികമേഖലക്ക് നേട്ടമാകും. മുൻകാലങ്ങളിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വേനൽമഴ ലഭിക്കാറുണ്ട്. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ മഴ ഒഴിഞ്ഞുനിന്നു. മാർച്ചിൽ കൂടുതൽ വേനൽമഴ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. കഴിഞ്ഞ വർഷം മാർച്ച് ഒന്നുമുതൽ മെയ് 31 വരെയുള്ള പ്രീ മൺസൂൺ കാലയളവിൽ ജില്ലയിൽ 266.2 മില്ലിമീറ്റർ മഴ പെയ്‌തിരുന്നു. കഴിഞ്ഞദിവസങ്ങളിലെല്ലാം ശരാശരി താപനില 33 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. നീലഗിരിയിലും മഴ ഗൂഡല്ലൂർ നീലഗിരി ജില്ലയിലെ ഊട്ടി, കൂനൂർ, കോത്തഗിരി, കുന്ത, ഗൂഡല്ലൂർ, മസിനഗുഡി പ്രദേശങ്ങളിൽ മഴ പെയ്‌തു. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മഴ പെയ്‌തത്. ബുധൻ വൈകീട്ട് നാലിന് തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം നീണ്ടു. കാർഷികമേഖലക്ക് മഴ ഗുണകരമായി. ഊട്ടി, കൂനൂർ, കോത്തഗിരി വനമേഖലകളിൽ കാട്ടുതീ പടർന്നിരുന്നു. മഴ അഗ്നിബാധ പ്രതിരോധത്തിനും സഹായകമായി.
0 comments