മുണ്ടക്കൈ–ചൂരൽമല പുനരധിവാസം
സർക്കാരിന് തുറന്ന മനസ്സ്

കൽപ്പറ്റ മുണ്ടക്കൈ–-ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് തുറന്ന മനസ്സാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വയനാട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സമരം ചെയ്യുന്നവരോട് ഒരു എതിരഭിപ്രായവും ഇല്ല. നെഞ്ചിൽ തൊടുന്ന പ്രശ്‌നങ്ങളാണ് അവർ ഉന്നയിക്കുന്നത്. വാതിൽ കൊട്ടിയടയ്ക്കില്ല. ടൗൺഷിപ്പുമായി ബന്ധപ്പെട്ട് മാനണ്ഡങ്ങൾ അനുസരിച്ചുള്ള നടപടികളാണ് ഇപ്പോൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയ്യുന്നത്. പരാതികൾ അതിനുപുറത്ത് പരിശോധിക്കും. മാനദണ്ഡം കൃത്യമാണ്. ഒറ്റപ്പെട്ടുപോയവർ ഉൾപ്പെടെ ടൗൺഷിപ്പിൽ വരും. പരാതികൾ ഒറ്റയടിക്ക് തള്ളില്ല. അനുഭാവപൂർണമായ പരിഗണനയുണ്ടാകും. ജില്ലാ ദുരന്തനിവരാണ അതോറിറ്റി പരാതികൾ തീർപ്പാക്കിയില്ലെങ്കിൽ റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ തന്നെ പരാതികൾ പരിശോധിക്കാൻ ചുമതലപ്പെടുത്തും. സർക്കാർ എല്ലാവരുടെയും അഭിപ്രായം കേൾക്കും. എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ ലഭ്യമായ സ്ഥലത്ത് 433 വീടുകളാണ് നിർമിക്കാനാകുക. ഗുണഭോക്താക്കൾക്ക് നിലവിൽ ഏഴ് സെന്റും 1000 ചതുരശ്ര അടി വീടുമാണ് ടൗൺഷിപ്പിൽ തീരുമാനിച്ചിട്ടുള്ളത്. ടൗൺഷിപ്പിലേക്ക് വരാത്തവർക്ക് 15 ലക്ഷം രൂപ നൽകും. ഗുണഭോക്തൃ പട്ടികയിൽപ്പെട്ട മുഴുവൻപേർക്കും ഈ സഹായം ലഭിക്കും. കൂടുതൽ ഭൂമി നൽകുമോയെന്ന് ഇപ്പോൾ പറയാനാകില്ല. ഭൂമിയുടെ ലഭ്യത അനുസരിച്ചാണ് കാര്യങ്ങൾ നിർവഹിക്കുക. ദുരന്തബാധിതർക്ക് എല്ലാം തിരിച്ചുകൊടുക്കാൻ കഴിയില്ലെങ്കിലും മോശമല്ലാത്ത പാക്കേജാണ് സർക്കാർ തീരുമാനിച്ചത്. നേരത്തെ അഞ്ച് സെന്റായിരുന്നു നിശ്ചയിച്ചത്. വിവിധ സർവേകളും പരിശോധനകളും പൂർത്തിയായപ്പോൾ കുറച്ചുകൂടി ഭൂമി കിട്ടുമെന്നുവന്നപ്പോഴാണ് ഏഴ് സെന്റാക്കി ഉയർത്തിയത്. ദുരന്തമേഖലയിൽ വീട് നഷ്ടപ്പെടാത്ത ചിലരുടെ ആവശ്യം വീട് പൊളിക്കരുത് റോഡ് ഉണ്ടാക്കിതന്നാൽ മതിയെന്നാണ്. പടവെട്ടിക്കുന്നുകാർ ഉൾപ്പെടെയുള്ളവരുടെ പരാതികൾ പരിഗണിക്കും. ആരോടും നോ പറയില്ല. പരമാവധി ചെയ്യാൻ കഴിയുന്നത് ചെയ്യുക എന്നതാണ് സർക്കാർ നിലപാട്. ദുരന്തബാധിത പ്രദേശങ്ങളിൽ വീട് ഉണ്ടെങ്കിലും ഇല്ലെങ്കിലും റോഡ് നിർമിക്കും. കൃഷി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് റോഡ് വേണമെന്നും മന്ത്രി പറഞ്ഞു.
0 comments