ആദ്യഗുണഭോക്തൃ പട്ടികയായി ടൗൺഷിപ്പ് നിർമാണം മാർച്ചിൽ

സ്വന്തം ലേഖകൻ കൽപ്പറ്റ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ച് നിർമാണത്തിലേക്ക്. കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിലും നെടുമ്പാല എച്ച്‌എംഎൽ എസ്‌റ്റേറ്റിലും മാർച്ചിൽ ഭൂമി ഒരുക്കലും നിർമാണ പ്രവർത്തനങ്ങളും ആരംഭിക്കും. ആദ്യഘട്ട ഗുണഭോക്താക്കളുടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. ഉരുൾപൊട്ടലിൽ താമസസ്ഥലം നഷ്‌ടമായ മറ്റെവിടെയും വീടില്ലാത്ത 242 ദുരന്തബാധിതരാണ് പട്ടികയിൽ. രണ്ടാംഘട്ട പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട കരട് പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളും പരാതികളും അറിയിക്കാൻ പത്തുദിവസം നൽകിയശേഷമാണ് അന്തിമ പട്ടിക പുറത്തെത്തുക. ടൗൺഷിപ്പുകൾക്കായി കണ്ടെത്തിയ സ്ഥലങ്ങളുടെ വിലനിർണയം ജനുവരി ആദ്യവാരത്തിൽ പൂർത്തിയാക്കിയതാണ്. ഭൂമി ലഭ്യമായി 30 ദിവസത്തിനുള്ളിൽ കിഫ്ബി, കിഫ്‌കോൺ, യുഎൽസിസി, റവന്യു വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ നടപടിക്രമം അതിവേഗത്തിൽ മുന്നേറി. നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള വിവിധ പഠനങ്ങളും സർവേകളും നടത്തി. കൽപ്പറ്റയിലെ സർവേകളെല്ലാം പൂർത്തിയായി. നെടുമ്പാലയിൽ ജിയോടെക്‌നിക്കൽ സർവേ പുരോഗമിക്കുന്നു. മറ്റു സർവേകളും പഠനങ്ങളും നെടുമ്പാലയിലും കഴിഞ്ഞു. ടൗൺഷിപ്പിന്റെ സ്കെച്ച് തയ്യാറാക്കിയത് കിഫ്‌ബിക്ക് കീഴിലുള്ള കിഫ്‌കോൺ ആണ്. സ്‌കെച്ചിന്റെ അടിസ്ഥാനത്തിൽ യുഎൽസിസി വീടുകളുടെയും കെട്ടിടങ്ങളുടെയും വിശദമായ പ്ലാൻ തയ്യാറാക്കുകയാണിപ്പോൾ. പ്രകൃതിദുരന്തങ്ങളെ മറികടക്കാൻ കഴിയുന്ന വിധത്തിലാണ് വീടുകൾ ഉൾപ്പെടെയുള്ള ടൗൺഷിപ്പിലെ കെട്ടിടങ്ങളുടെ നിർമാണം. മാസ്‌റ്റർ പ്ലാനിന് വകുപ്പുകളുടെ അംഗീകാരം ലഭിച്ചാൽ ഉടൻ പ്രവൃത്തി തുടങ്ങാനാണ് യുഎൽസിസിഎസ് ലക്ഷ്യമിടുന്നത്. രണ്ട് ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് നിർമിക്കുക. ആകെ ഭൂമിയെ ക്ലസ്റ്ററുകളായി തിരിച്ച് ശരാശരി 20 വീടുകൾ ഒരു ക്ലസ്റ്ററിൽ എന്ന നിലയിലാണ് പ്രാഥമിക ധാരണ. വീടുകൾ, മാർക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്നതാകും ടൗൺഷിപ്പ്.
Related News

0 comments