മുണ്ടക്കൈ, ചൂരൽമല ടൗൺഷിപ് എ പട്ടികയും അന്തിമമായി; ‘ബി’യിൽ എണ്ണം വർധിക്കും

മുണ്ടക്കൈ, ചൂരൽമല ടൗൺഷിപ്
വെബ് ഡെസ്ക്

Published on Mar 15, 2025, 09:01 PM | 1 min read

കൽപ്പറ്റ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ രണ്ടംഘട്ടം പ്രസിദ്ധീകരിച്ച പട്ടികയിലെ എ ലിസ്‌റ്റ്‌ അന്തിമമായതോടെ ഇതുവരെ പദ്ധതിയിൽ ഉൾപ്പെട്ടവരുടെ എണ്ണം 329 ആയി. ബി പട്ടികകൂടി അന്തിമമായാലേ ആകെ എണ്ണം വ്യക്തമാകൂ. ഇതിൽ പരാതികൾ സ്വീകരിച്ചു. പരിശോധിച്ച്‌ തീരുമാനം എടുക്കേണ്ട താമസമാണുള്ളത്‌. വാസയോഗ്യമല്ലാത്ത (നോ ഗോ സോൺ) പ്രദേശത്തിന്റെ പരിധിയിൽനിന്ന്‌ 50 മീറ്റർ അകലെവരെയുള്ള വാസയോഗ്യമായ (ഗോ സോൺ) ഇടങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെയാണ്‌ ബി പട്ടികയിൽ ഉൾപ്പെടുത്തിയത്‌. 70 ഗുണഭോക്തൃ കുടുംബങ്ങളാണ്‌ കരടിൽ ഉള്ളത്‌. എന്നാൽ പുഞ്ചരിമട്ടത്തെ കൂടുതൽ കുടുംബങ്ങൾ അന്തിമ ലിസ്‌റ്റിൽ ഉൾപ്പെടും. എ ലിസ്റ്റ്‌ കരടിൽ 169 പരാതികളാണ്‌ ലഭിച്ചത്‌. ഇതിൽ 25 കുടുംബങ്ങളെ ബി ലിസ്റ്റിൽ പരിഗണിച്ചിട്ടുണ്ട്‌. താമസസ്ഥലം പൂർണമായും നഷ്‌ടമായി മറ്റെവിടെയും വീടില്ലാത്തവരാണ്‌ ആദ്യഘട്ട പട്ടികയിലെ 242 കുടുംബങ്ങൾ. മുണ്ടക്കൈ വാർഡിലെ 83 കുടുംബങ്ങളും ചൂരൽമല വാർഡിലെ 108, അട്ടമല വാർഡിലെ 51 കുടുംബങ്ങളുമാണിതിലുള്ളത്‌. ടൗൺഷിപ്പിന്‌ 27ന്‌ കൽപ്പറ്റ നഗരത്തോട്‌ ചേർന്നുള്ള എൽസ്‌റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ടൗൺഷിപ്പുമായി ബന്ധപ്പെട്ട്‌ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നടപടികളാണ്‌ ഇപ്പോൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയ്യുന്നത്‌. ഒറ്റപ്പെട്ടുപോയവർ ഉൾപ്പെടെ ടൗൺഷിപ്പിൽ വരും. എന്നാൽ പരാതികൾ ഒറ്റയടിക്ക്‌ തള്ളില്ലെന്നും അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി കെ രാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ തീർപ്പാകാത്ത പരാതികൾ പരിശോധിക്കാൻ റവന്യു വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തും. ഗുണഭോക്താക്കൾക്ക്‌ നിലവിൽ ഏഴ്‌ സെന്റും 1000 ചതുരശ്ര അടി വീടുമാണ്‌ ടൗൺഷിപ്പിൽ തീരുമാനിച്ചിട്ടുള്ളത്‌. ടൗൺഷിപ്പിലേക്ക്‌ വരാത്തവർക്ക്‌ 15 ലക്ഷം രൂപ നൽകും. ഗുണഭോക്തൃ പട്ടികയിൽപ്പെട്ട മുഴുവൻ പേർക്കും ഈ സഹായം ലഭിക്കും.



deshabhimani section

Related News

0 comments
Sort by

Home